Breaking

Sunday, June 21, 2020

മുറിയില്‍ രക്തം, ആദ്യം കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് ജീവനൊടുക്കിയത് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത്

കോന്നി: ഭാര്യയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ആറ്റിൽച്ചാടി ആത്മഹത്യചെയ്തു. ജോത്സ്യൻ അട്ടച്ചാക്കൽ മണിയൻപാറ മുട്ടത്ത് വടക്കേതിൽ ഗണനാഥൻ(67), ഭാര്യ രമണി(58) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് രമണിയുടെ മൃതദേഹം വീട്ടിൽ കണ്ടത്. തുടർന്ന് ഗണനാഥൻ ദേഹത്തുനിന്ന് ചോരവാർന്നനിലയിൽ വീട്ടിൽനിന്ന് പുറത്തേക്കുവന്ന് അയൽവാസികളോട് വിവരം പറയുകയായിരുന്നു. സമീപത്തുള്ള അച്ചൻകോവിലാറിന്റെ വാലുകടവിലേക്ക് ഓടിപ്പോയ ഗണനാഥനെ പിന്നെയാരും കണ്ടില്ല. ഗ്രാമപ്പഞ്ചായത്തംഗം ദീനാമ്മ റോയി അറിയിച്ചതനുസരിച്ചെത്തിയ പോലീസ് രമണിയുടെ മരണം സ്ഥിരീകരിച്ചു. അല്പസമയത്തിനുശേഷം താഴെ കാവുംപുറം കടവിൽ കുളിച്ചുകൊണ്ടിരുന്നവരാണ്, ആറ്റിലൂടെ ഒഴുകിവരുന്ന ഗണനാഥന്റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ ചങ്ങാടത്തിലെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു. ഗണനാഥന്റെ രണ്ടാംഭാര്യയായിരുന്നു രമണി. 15 വർഷമായി ഇവർ ഒരുമിച്ചാണ് താമസം. മുറിക്കുള്ളിൽ രക്തക്കറ കണ്ടെങ്കിലും രമണിയുടെ മൃതദേഹത്തിൽ മുറിവുകളൊന്നും ഇല്ലായിരുന്നു. അതേസമയം, ഗണനാഥന്റെ കഴുത്തിൽ മുറിവുണ്ടായിരുന്നു. ഭാര്യ മരിച്ചതിന്റെ മനോവിഷമംമൂലം ഗണനാഥൻ ആത്മഹത്യക്ക് ശ്രമിച്ചപ്പോഴുണ്ടായ രക്തമാവാം മുറിയിൽ കണ്ടതെന്നാണ് പ്രാഥമികനിഗമനമെന്ന് കോന്നി പോലീസ് ഇൻസ്പെക്ടർ പി.എസ്.രാജേഷ് പറഞ്ഞു. ഗണനാഥന് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്. മകന് പെയിന്റിങ് ജോലിയാണ്. ഇദേഹവും സമീപത്തെ വീട്ടിലാണ് താമസം. മകളെ പന്തളത്താണ് വിവാഹംചെയ്തയച്ചത്. രണ്ടാംവിവാഹത്തിൽ ഈ ദമ്പതിമാർക്ക് മക്കളില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:husband commits suicide after wifes death in konni


from mathrubhumi.latestnews.rssfeed https://ift.tt/3enKEQT
via IFTTT