പഴയങ്ങാടി: മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തിൽ മരിച്ചു. ആസ്പത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. മാട്ടൂൽ സൗത്ത് സി.എച്ച്. സെന്ററിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാൽ(32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡിലായിരുന്നു അപകടം.മകൾ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടർന്ന് മാട്ടൂൽ സൗത്തിലെ സ്വന്തം വീട്ടിൽനിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാൽ. റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൽ ശ്രമിക്കവേ നിയന്ത്രണംവിട്ട കാർ ഖിളർ പള്ളിക്കു സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് കുഞ്ഞ് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തിൽ വീട്ടുകാർ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെയും രക്ഷിക്കാനായില്ല.ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് തിരിച്ചുപോകാൻ പറ്റാതായത്.പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മാട്ടൂൽ മൊഹ്‌ദ്ദീൻ പള്ളി കബർസ്ഥാനിൽ കബറടക്കി. പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്സത്തിന്റെയും മകനാണ് ബിലാൽ.ഭാര്യ: കാക്കണ്ടി ഷംഷീറ.സഹോദരങ്ങൾ: അഫ്സൽ (ഓട്ടോ ഡ്രൈവർ), അജ്മൽ (ഖത്തർ), ആദിൽ, ആസിഫ് (ഇരുവരും വിദ്യാർഥികൾ).
from mathrubhumi.latestnews.rssfeed https://ift.tt/301YtAb
via
IFTTT