അടൂർ: ഉത്രയുടെ സ്വർണാഭരണം ലോക്കറിൽ സൂക്ഷിച്ചിരുന്ന അടൂരിലെ ബാങ്കിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. ഉത്രയുടെയും സൂരജിന്റെയും പേരിലാണ് സ്വർണാഭരണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ലോക്കറിൽ പത്തുപവൻ ആഭരണംമാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പരിശോധനയിൽ കണ്ടെത്തി. ആറുപവൻ ഇതേബാങ്കിൽ കാർഷികവായ്പയ്ക്കായി പണയംവെച്ച് ഒരുലക്ഷം രൂപ സൂരജ് എടുത്തെന്നും കണ്ടെത്തി. ഇതിന്റെ പലിശയോ മുതലോ ഇതുവരെ സൂരജ് അടച്ചിട്ടില്ല. പണയത്തിന്റെ കാലാവധി കഴിഞ്ഞെന്നും പോലീസ് പറഞ്ഞു. പ്രതി സൂരജിനെക്കൂടാതെയാണ് അന്വേഷണസംഘം ആദ്യം ബാങ്കിലെത്തിയത്. എന്നാൽ, ബാങ്കിടപാടുകൾ കഴിഞ്ഞ് ആളൊഴിഞ്ഞപ്പോൾ സൂരജിനെയും ബാങ്കിലെത്തിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എച്ച്.അശോകന്റെ നേതൃത്വത്തിൽ മൂന്നര മണിക്കൂർ പരിശോധന നടന്നു. ലോക്കറിൽനിന്ന് മാർച്ച് രണ്ടിനുശേഷം സൂരജ് 38 പവൻ എടുത്തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ ആഭരണമാണ് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കുഴിച്ചിട്ടതും കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെടുത്തതും. ആഭരണത്തിന്റെ കണക്കെടുപ്പ് തുടരുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. വനിതാകമ്മിഷന് റിപ്പോർട്ട് കൈമാറി തിരുവനന്തപുരം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് പ്രാഥമികാന്വേഷണ റിപ്പോർട്ട് സംസ്ഥാന വനിതാകമ്മിഷനു കൈമാറി. ഉത്രയുടെ ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരേ ഗാർഹിക, സ്ത്രീധന പീഡനക്കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിലുള്ളതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ അറിയിച്ചു. Content Highlights:uthra snake bite murder case; police inspection in bank to calculate gold
from mathrubhumi.latestnews.rssfeed https://ift.tt/2XUi2aW
via
IFTTT