Breaking

Saturday, May 1, 2021

തൂക്കമെത്രയായാലും ചുമക്കാൻ രമണി തയ്യാർ

തിരുവല്ല: രാമൻചിറ 11-ാം പൂൾ. രാവിലെ എട്ടിന് യൂണിഫോമിട്ട് രമണി ഹാജർ. തലയിൽ ചുറ്റിക്കെട്ടിയ തോർത്തുണ്ട്. സാരിക്കുമുകളിൽ ഓവർകോട്ടായി നീല ഷർട്ടും. കമ്പി, സിമന്റ്, സ്റ്റീൽ വാതിലുകൾ, ഗർഡറുകൾ... ഇങ്ങനെ എത്ര തൂക്കമുള്ള സാധനങ്ങളും രമണി ചുമക്കും. രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ് ചുമട്ടുതൊഴിലിൽ രമണിയുടെ വിജയഗാഥ. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തെ തലയിലും മനസ്സിലും താങ്ങിയെടുക്കുകയായിരുന്നു രമണി. വനിതകൾ ഓട്ടോറിക്ഷ ഓടിക്കാൻപോലും മടിച്ചുനിന്ന കാലത്താണ് ചുമത്ര കളീക്കൽ പടിഞ്ഞാറേതിൽ പി.സി.രമണി (58) ചുമട്ടുതൊഴിലിൽ എത്തുന്നത്. രാമൻചിറയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് കെ.വിജയൻ മരിക്കുമ്പോൾ മൂത്തമകൾ വിദ്യ പ്രീഡിഗ്രിക്ക് ചേർന്നിട്ടേയുണ്ടായിരുന്നുള്ളൂ. മകൻ വിഷ്ണു എട്ടിലും ഇളയവൾ വിധുമോൾ നാലിലും ആയിരുന്നു. 21 വർഷം മുമ്പായിരുന്നു വിജയന്റെ മരണം. വീടിന് കെട്ടിയ തറയിൽ അന്ന് മണ്ണുപോലും നിരത്തിയിട്ടില്ലായിരുന്നു. ബന്ധുബലം കുറവും ഉള്ളവർക്ക് സഹായിക്കാൻപറ്റാത്ത അവസ്ഥയും. വീടിനുളളിൽ ഒതുങ്ങിയിരുന്ന രമണി ജീവിതഭാരം ഒറ്റയ്ക്ക് ചുമക്കാൻ മുന്നിട്ടിറങ്ങി. വിജയൻ നടന്ന വഴിയേ രമണിയും രാമൻചിറയിലെത്തി. ടിപ്പർ ലോറികൾ കുറവായിരുന്ന അക്കാലത്ത് മണ്ണും ഇഷ്ടികയും കല്ലുമൊക്കെയായി എത്തുന്ന ലോറികളിൽ കയറി ചുമടിറക്കി. പണിക്കിടെ ലോഹപ്പാളികൊണ്ട് ഇടതുകൈ ആഴത്തിൽ മുറിഞ്ഞ് ആശുപത്രിയിലായി. എന്നാൽ തുന്നലിട്ട കൈയുമായി വീണ്ടും പണിക്കെത്തി. മക്കൾക്ക് താൻ മാത്രമെന്ന ചിന്ത വേദനകളെ അകറ്റി. പുലർച്ചെ വീട്ടുജോലികൾ ചെയ്ത് മക്കൾക്കും തനിക്കുമുള്ള ഉച്ചയൂണും തയ്യാറാക്കി മൂന്നു കിലോമീറ്ററോളം നടന്നാണ് ചുമടെടുക്കാനെത്തുന്നത്. ഇന്നും രാവിലെ രമണി രാമൻചിറയിൽ ഉണ്ട്. ലോഡ് കൂടുതലില്ലെങ്കിൽ വൈകീട്ട് അഞ്ചിനാണ് മടക്കം. ലോഡുണ്ടെങ്കിൽ പിന്നെയും വൈകും. ചുമട് ചുമ്മി ആദ്യം വീട് കെട്ടിപ്പൊക്കി. മക്കളെല്ലാവരും വിവാഹിതരായി. ഭർത്താവിനൊപ്പം ജോലി ചെയ്തിരുന്നവർ ഇപ്പോഴും രാമൻചിറ പൂളിലുണ്ട്. അമ്മ ജോലിക്കുപോകേണ്ടെന്ന നിലപാട് മക്കൾക്കുണ്ടെങ്കിലും ആകാവുന്നിടത്തോളം ചുമടെടുക്കാൻതന്നെയാണ് രമണിയുടെ തീരുമാനം. പുരുഷസർവാധിപത്യമുള്ള മേഖലയാണെങ്കിലും ഇന്നേവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും രമണി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3aP0GU8
via IFTTT