തിരുവനന്തപുരം: എക്സിറ്റ് പോൾ സർവേകൾ പുറത്തുവരുമ്പോഴും ഭരണത്തുടർച്ചയും ഭരണമാറ്റവും അവകാശപ്പെടുന്ന മുന്നണികളുടെ വാദത്തിന് ഒട്ടും ഇടിവ് വീണിട്ടില്ല. തങ്ങളുറപ്പിച്ചത് സർവേകളിലും പ്രകടമാകുമെന്ന സ്വാഭാവികതമാത്രമാണ് ഇടതുക്യാമ്പിലുള്ളത്. വോട്ടെടുപ്പിന് മുമ്പ് ഏകപക്ഷീയ ഇടതുവിജയം പ്രഖ്യാപിച്ച സർവേകൾ, വോട്ടെടുപ്പിന് ശേഷം ഒപ്പത്തിനൊപ്പം പറയുന്നതുതന്നെ അടിയൊഴുക്കിന്റെ പ്രകടനമാണെന്നതാണ് യു.ഡി.എഫിന്റെ രാഷ്ട്രീയവ്യാഖ്യാനം. പാർട്ടികണക്കിലാണ് ബി.ജെ.പി.യുടെയും വിശ്വാസം. ഭരണത്തുടർച്ചയെന്ന ഇടതുപക്ഷ ബോധ്യത്തിന് ഊർജം പകരുന്നതാണ് ഭൂരിപക്ഷം സർവേകളും. പക്ഷേ, മുന്നണി അവകാശപ്പെടുന്നപോലെ ഏകപക്ഷീയമേധാവിത്വം ഉറപ്പിക്കുന്നില്ല. കഴിഞ്ഞതവണ നേടിയ 91, അല്ലെങ്കിൽ അതിന് മുകളിലാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ളതിനെക്കാൾ ഏറെയാണ് മുഖ്യമന്ത്രിക്കുള്ള ആത്മവിശ്വാസം. വോട്ടെടുപ്പിന് മുമ്പേവന്ന സർവേറിപ്പോർട്ടുകളെ തള്ളിയാണ് യു.ഡി.എഫ്. പ്രചാരണത്തിനിറങ്ങിയത്. പെയ്ഡ് റിപ്പോർട്ട് എന്ന ആരോപണമാണ് അവർ ഉന്നയിച്ചത്. ഈ റിപ്പോർട്ടുകളെല്ലാം മുഖവിലക്കെടുത്താണ് അവർ പ്രചാരണരീതിക്കുള്ള ഊർജം നിറച്ച്, വീഴ്ചകളില്ലാതെ പൊരുതാനിറങ്ങിയത്. അത് ഗുണം ചെയ്തുവെന്നതാണ് എക്സിറ്റ് പോൾ സർവേകൾ പ്രകടിപ്പിക്കുന്നതെന്ന വ്യാഖ്യാനമാണ് അവർക്കുള്ളത്. തദ്ദേശതിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് നൂറുസീറ്റുവരെ ഇടതുമുന്നണിക്ക് ഉറപ്പിക്കുകയും സർവേ പ്രവചനങ്ങൾ 90 വരെ നൽകുകയും ചെയ്തിടത്ത്, ഇപ്പോൾ കഷ്ടിച്ച് ജയം എന്ന നിലയിലെത്തിയത് യു.ഡി.എഫിന്റെ മുന്നേറ്റമാണ് കാണിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. ദേശീയസർവേകളിലെല്ലാം കേരളത്തിൽ ബി.ജെ.പി.ക്ക് മുന്നേറ്റം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അത് പാർട്ടികണക്കിലെ സീറ്റുകളോളം വരുന്നില്ല. ഏഴ് സിറ്റെങ്കിലും ഉറപ്പായും ജയിക്കുമെന്നതാണ് ബി.ജെ.പി.യുടെ കണക്ക്. അത് ചിലപ്പോൾ രണ്ടക്കം കടക്കാം. നേമം എന്ന ഒറ്റമണ്ഡലത്തിൽനിന്ന് എത്രസീറ്റ് അധികം നേടിയാലും അത് ബി.ജെ.പി.യുടെ നേട്ടമാണ്. മഞ്ചേശ്വരത്ത് ജയം പ്രവചിക്കുന്നതും നേടിയേക്കാമെന്ന് പറയുന്നതുമായ എക്സിറ്റ് പോൾ റിപ്പോർട്ടുകൾ ബി.ജെ.പി.ക്ക് പ്രതീക്ഷ നൽകുന്നതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3t3aMqV
via
IFTTT