Breaking

Saturday, May 1, 2021

മുൻ അംബാസഡർ മരിച്ചത് കോവിഡ് ചികിത്സ കിട്ടാതെയെന്ന് കുടുംബം

ന്യൂഡൽഹി : മുൻ നയതന്ത്ര പ്രതിനിധി അശോക് അംരോഹിയുടെ മരണം കോവിഡ് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ഓക്സിജൻ പിന്തുണയുള്ള കിടക്കയ്ക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മരണമെന്ന് അംരോഹിയുടെ കുടുംബം വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂണെ, മൊസാംബിക്, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ അംബാസഡറായിരുന്ന അശോക് അംരോഹി ചൊവ്വാഴ്ചയാണ് മരിച്ചത്. ചികിത്സകാത്ത് അഞ്ചുമണിക്കൂർ ആശുപത്രിക്ക് മുന്നിലെ കാറിൽ കിടക്കുമ്പോഴായിരുന്നു അശോകിന്റെ മരണമെന്നാണ് ഭാര്യ യാമിനി അംരോഹി വ്യക്തമാക്കിയത്. ഒരാഴ്ചയായി അംരോഹി അസുഖബാധിതനായിരുന്നു. ആരോഗ്യം വഷളായിത്തുടങ്ങിയപ്പോൾ ഉടനെ ആശുപത്രിയിലെത്തിക്കണമെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രി തുടക്കത്തിൽ ഒരു കിടക്ക വാഗ്ദാനം ചെയ്തു. ഇതേത്തുടർന്ന് അഡ്മിഷൻ നടപടികൾ ആരംഭിച്ചു. എന്നാൽ, ആശുപത്രിയിലെ രോഗികളുടെ തിരക്ക് മൂലം അഡ്മിഷൻ നടപടികൾ മണിക്കൂറുകൾ നീണ്ടുപോയി. അഡ്മിഷൻ നടപടികൾ പൂർത്തികരിക്കുന്നതുവരെ ചികിത്സയൊന്നും നൽകാനാവില്ലെന്ന നിലപാട് ആശുപത്രി അധികൃതർ സ്വീകരിച്ചെന്നും തുടർന്ന് കാറിൽ ഇരുന്ന അംരോഹി ഹൃദയാഘാതം മൂലം മരിച്ചെന്നും യാമിനി പറഞ്ഞു. അംരോഹിയുടെ മരണത്തിൽ വിദേശകാര്യമന്ത്രി ജയ്ശങ്കർ അനുശോചനമറിയിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3aT36kH
via IFTTT