Breaking

Monday, February 1, 2021

കൃഷ്ണമ്മയുടെ സങ്കടമലിഞ്ഞു; സഹായക്കരം നീട്ടി നിരവധിപേർ

തിരുവനന്തപുരം: ആരോ കവർന്ന ആ സഞ്ചിയിലെ പണത്തിന് ഒരമ്മയുടെ കരുതിവെക്കലിന്റെ മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് സഹായിക്കാനെത്തിയത് നിരവധിപേർ. ബസ് യാത്രയ്ക്കിടെ തന്റെ പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട പൂജപ്പുര കൈലാസ് നഗർ സ്വദേശി കൃഷ്ണമ്മയുടെ കണ്ണീർചിത്രവും വാർത്തയും ഞായറാഴ്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നഷ്ടപ്പെട്ട പണം നൽകി ഇവരെ സഹായിക്കാൻ പലരും രംഗത്തുവന്നത്. സഹായത്തേക്കാൾ തന്റെ സങ്കടത്തിൽ ആശ്വാസവുമായി ഇത്രയുംപേർ എത്തിയതിലെ സന്തോഷത്തിലാണ് കൃഷ്ണമ്മ.വാർധക്യ പെൻഷൻ തുകയിൽനിന്ന് മിച്ചംപിടിച്ച് സ്വരുക്കൂട്ടിയ പണം നഷ്ടമായതറിഞ്ഞ് ഈ 80-കാരി നടുറോഡിൽ തളർന്നിരുന്ന് വിലപിച്ച വാർത്ത ഏറെപ്പേരുടെ ഉള്ളുലച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട പൂജപ്പുര പോലീസ് മുൻകൈയെടുത്ത് ചെറിയൊരു തുക ഞായറാഴ്ച രാവിലെ തന്നെ കൃഷ്ണമ്മയ്ക്ക് നൽകി. ഈ സ്റ്റേഷനിലെ റൈറ്റർ രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു സമാഹരണം. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ സഹായിക്കാൻ നിരവധിപേരെത്തി. വിദേശത്ത് ജോലിചെയ്യുന്ന ചില മലയാളികളും സഹായഹസ്തവുമായെത്തി. എന്നാൽ, നഷ്ടമായത് വലിയ തുക അല്ലാത്തതിനാൽ ഇവർ പല സഹായങ്ങളും നിരസിച്ചു. ശനിയാഴ്ച രാവിലെ പാളയത്ത് ബസിറങ്ങുമ്പോഴാണ് 80-കാരിയായ കൃഷ്ണമ്മയുടെ പതിനയ്യായിരം രൂപ നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് വാവിട്ട് കരഞ്ഞ ഇവരെ സഹായിക്കാൻ പിങ്ക് പോലീസ് ഉൾപ്പെടെ എത്തി. പണം തിരികെക്കിട്ടാതായതോടെ പിങ്ക്‌ പോലീസാണ് കൃഷ്ണമ്മയെ വീട്ടിലെത്തിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3cACF4K
via IFTTT