Breaking

Monday, February 1, 2021

കരിപ്പൂർ വിമാനാപകടം; രണ്ടു വയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകൾക്കാണ് ഈ തുക നൽകുന്നത്. തുക എത്രയും വേഗം നൽകാൻ നിർദേശിച്ച് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി തീർപ്പാക്കി. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു കാട്ടി കോടതിയെ സമീപിച്ചത്. അപകടത്തിൽ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിർണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷൻ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വയസ്സുകാരിക്കു നൽകുന്ന നഷ്ടപരിഹാരത്തുകയിൽ ഹർജിക്കാർ തൃപ്തി പ്രകടിപ്പിച്ചു. രേഖകൾ സമർപ്പിച്ചാൽ മറ്റുള്ളവരുടെ കാര്യത്തിലും തൃപ്തികരമായ തീരുമാനമുണ്ടായാൽ തർക്കത്തിനു കാര്യമില്ലെന്നു വിലയിരുത്തിയാണ് ഹർജി തീർപ്പാക്കിയത്. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വിമാനത്തിൽ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കരിപ്പൂർ വിമാനാപകടം. Content Highlights: Karipur Plane Crash; 1.51 crore compensation for a two-year-old girl


from mathrubhumi.latestnews.rssfeed https://ift.tt/2MkzCDf
via IFTTT