Breaking

Monday, February 1, 2021

പോലീസിൽ വീണ്ടും തമ്മിലടി; ഡി.ഐ.ജി.ക്കെതിരേ കമാൻഡന്റ്

തിരുവനന്തപുരം/കോഴിക്കോട്: കുറ്റം കീഴുദ്യോഗസ്ഥരിൽ കെട്ടിവെക്കുന്ന പ്രവണത പോലീസിലുണ്ടെന്ന് കെ.എ.പി. അടൂർ മൂന്നാംബറ്റാലിയൻ മേധാവി ജെ. ജയനാഥ്. പോലീസുകാർക്കുള്ള യാത്രാബത്ത വിതരണംചെയ്യാൻ വൈകിയെന്നുകാണിച്ച് ആംഡ് ബറ്റാലിയൻ ഡി.ഐ.ജി. പി. പ്രകാശ് നൽകിയ കുറ്റാരോപണ മെമ്മോയ്ക്കു മറുപടിയായാണ് ജയ്‌നാഥ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. യാത്രാബത്ത വിതരണം തടസ്സപ്പെടാനുണ്ടായ കാരണം നേരത്തേ ഡി.ജി.പി.യെ അറിയിച്ചതാണെന്നും അതേകാരണത്തിന് തനിക്കു കുറ്റാരോപണ മെമ്മോ ലഭിച്ചതിൽ മനോവിഷമമുണ്ടെന്നും മറുപടിയിൽ പറയുന്നു. സോഫ്റ്റ്‌വേറിന്റെ അപാകമാണ് കാലതാമസമുണ്ടാക്കിയത്. ഇത് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. സാങ്കേതികപ്പിഴവുള്ള സോഫ്റ്റ്‌വേർതന്നെ ഉപയോഗിക്കണമെന്ന നിർദേശമാണു ലഭിച്ചത്. യാത്രാബില്ലുകൾ പാസാക്കുന്നതിൽ എക്കാലത്തും പോലീസിൽ വീഴ്ച സംഭവിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ജോലിചെയ്ത കാലയളവിൽ ലഭിക്കേണ്ട യാത്രാബത്ത രണ്ടുമാസം കഴിഞ്ഞാണ് തനിക്കു ലഭിച്ചതെന്നും ജയ്‌നാഥ് പറയുന്നു. തന്റെ യാത്രാബിൽ വൈകിപ്പിച്ച ഡി.ഐ.ജി.ക്ക് പോലീസുകാരുടെ യാത്രാബിൽ രണ്ടുദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥനോട് ക്ഷമിക്കാനാകുമെന്നും മറുപടിയിൽ പറയുന്നു. പോലീസ് കാന്റീൻ നടത്തിപ്പിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് ഡി.ഐ.ജി.യിൽനിന്നു മാനസികപീഡനം നേരിടേണ്ടിവന്നത്. പോലീസ് മേധാവിയുടെ നിർദേശം ലംഘിച്ച് ഇടപാടുകൾ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഡി.ഐ.ജി.യുടെ അപ്രീതിക്കുകാരണം. ഇക്കാര്യം രേഖാമൂലം സംസ്ഥാന പോലീസ് മേധാവിയെ അറിച്ചിരുന്നതായും ജയനാഥിന്റെ മറുപടിയിൽ പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. വിശദീകരണക്കത്ത് ചർച്ചയാകുന്നുജയനാഥ് നൽകിയ മറുപടി ആഭ്യന്തരവകുപ്പിലും ഉദ്യോഗസ്ഥർക്കിടയിലും സാമൂഹികമാധ്യമങ്ങളിലും ഞായറാഴ്ചമുതൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ വിശദീകരണത്തിൽനിന്നു വ്യത്യസ്തമായ ശൈലിയിലാണ് മറുപടി. മറ്റു വകുപ്പുകൾക്കുപോലും മാതൃകയാക്കാവുന്ന പരിഷ്‌കാരങ്ങൾ താൻ നടപ്പാക്കിയെന്നാണ് മറുപടിയുടെ ഉള്ളടക്കം. എന്നാൽ, പരിഹാസരൂപേണയാണ് തനിക്കു മറുപടി നൽകിയതെന്നാണ് ബറ്റാലിയൻ ഡി.ഐ.ജി. സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ വിശദീകരണ റിപ്പോർട്ടിൽ പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3cu6iVl
via IFTTT