ന്യൂഡൽഹി: സമുദ്രത്തിനടിയിലെ വിലയേറിയ ധാതുക്കൾ, ഊർജ്ജം, സമുദ്ര വൈവിധ്യം തുടങ്ങിയവയുടെ പര്യവേക്ഷണം വിഭാവനം ചെയ്യുന്ന ഡീപ് ഓഷ്യൻ മിഷൻ നാല് മാസത്തിനുള്ളിൽ ആരംഭിക്കും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയെ മാറ്റിമറിക്കുന്ന ദൗത്യത്തിന് വേണ്ട അംഗീകാരങ്ങൾ ലഭിക്കുന്നുണ്ടെന്നും അടുത്ത 3-4 മാസത്തിനുള്ളിൽ ദൗത്യം ആരംഭിക്കാനാകുമെന്നും മന്ത്രാലയം സെക്രട്ടറി എം.രാജീവൻ പറഞ്ഞു. 4000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ വിശാലമായ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റൽ ഷെൽഫും പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് മന്ത്രാലയത്തിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിവിധ ആഴക്കടൽ സംരംഭങ്ങൾക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെടുമെന്ന് രാജീവൻ പറഞ്ഞു. ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ, ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി, സി.എസ്.ഐ, ആർ തുടങ്ങിയ സ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളാവും. ഡിആർഡിഒ, ഐ.എസ്.ആർ.ഒ എന്നിവരാണ് ദൗത്യത്തിന്റെ ചില സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. ആഴക്കടലിലേക്ക് മനുഷ്യനെ എത്തിക്കാൻ കഴിയുന്ന മുങ്ങിക്കപ്പലിന്റെ രൂപകൽപ്പന, വികസനം, പ്രകടനം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന വശങ്ങളിലൊന്ന്. ആഴക്കടൽ ഖനനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വശം. ചൈന, കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സജീവമായി നിൽക്കുന്ന മേഖയിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കുമെന്നതിനാൽ ദൗത്യത്തിന് തന്ത്രപരമായ പ്രധാന്യം അർഹിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആഴ്ച മരിയാന ട്രെഞ്ചിന്റെ ഏറ്റവും താഴെ പാർക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലിൽ (വെള്ളത്തിനിടയിൽ പ്രവർത്തിപ്പിക്കാൻ രൂപകൽപന ചെയ്ത ചെറിയ കപ്പൽ) തത്സമയ സംപ്രേക്ഷണം ചൈന പുറത്ത് വിട്ടിരുന്നു. ഏറ്റവും ആഴമേറിയ സമുദ്ര അടിത്തട്ടിലെ ദൗത്യത്തിന്റെ ഭാഗമായിരുന്നു അത്. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിന്റെ 1.5 ലക്ഷം കിലോമീറ്റർ വിസ്തൃതിയിലുള്ള ഭാഗമാണ് ഇന്ത്യ പര്യവേക്ഷണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സൾഫൈഡുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമുദ്ര അടിത്തട്ട് അതോറിറ്റിയുമായി 2016-ൽ ഇന്ത്യ 15 വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു. Content Highlights:India To Launch Deep Sea Mission In 3-4 Months
from mathrubhumi.latestnews.rssfeed https://ift.tt/3pSv3yW
via
IFTTT