Breaking

Tuesday, December 1, 2020

കെഎസ്എഫ്ഇയെ ഇരുട്ടില്‍ നിര്‍ത്തുന്നത് ആര്‍ക്കുവേണ്ടി; ചെയര്‍മാനുമായി പ്രത്യേക അഭിമുഖം

സി.എ.ജി., ലോക്കൽഫണ്ട്, ആഭ്യന്തര ഓഡിറ്റുകൾ നടക്കുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. 35 ലക്ഷം ഇടപാടുകാരും 7000 ജീവനക്കാരുമുള്ള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം. അതിന്റെ പ്രവർത്തനം വിജിലൻസ് പരിശോധിക്കുന്നതിന് ഒരു എതിർപ്പും ആർക്കുമില്ല . തെറ്റുകളുണ്ടെങ്കിൽ തിരുത്തും. മനുഷ്യസഹജമായ വീഴ്ചകൾ ജീവനക്കാർക്ക് സംഭവിക്കാം. അതുണ്ടായാലും നടപടി സ്വീകരിക്കാം. അതിന് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുടെ ചുരുക്കമെങ്കിലും കെ.എസ്.എഫ്.ഇ.യെ അറിയിക്കുകയെന്നത് സ്വാഭാവിക നീതിയാണ്. ആർക്കുവേണ്ടിയാണ് കെ.എസ്.എഫ്.ഇ.യെ ഇരുട്ടിൽ നിർത്തുന്നത്. അതിൽ വ്യക്തതവരുത്തേണ്ടത് വിജിലൻസ് വകുപ്പാണ്. കെ.എസ്.എഫ്.ഇ. ചെയർമാൻ പീലിപ്പോസ് തോമസുമായി മാതൃഭൂമി പ്രതിനിധി ബിജു പരവത്ത് നടത്തിയ അഭിമുഖം. ഒരു പരിശോധനയുടെ പേരിൽ വിജിലൻസിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഒരുപാട് പേരുടെ അധ്വാനത്തിൽ വളർന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. നല്ലപേര് കളങ്കപ്പെടുത്തുന്നത് കേരളത്തിന് അംഗീകരിക്കാനാവില്ല. കോവിഡ് കാലത്ത് സർക്കാർ നിർദേശിച്ച എല്ലാകാര്യങ്ങളും ഭംഗിയായി നിർവഹിച്ചു. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഈ സ്ഥാപനം നിലനിൽക്കേണ്ടത് അനിവാര്യമാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടട്ടെ തിരുത്താം. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചാൽ നടപടി സ്വീകരിക്കാം. വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് എന്താണെന്ന് അവർ ജനങ്ങളെ അറിയിക്കട്ടെ. ഞങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ ആ കണ്ടെത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ അവസരം തരണം. വിജിലൻസ് പരിശോധന എന്തിനായിരുന്നുവെന്നാണ് കരുതുന്നത്? യഥാർഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. അത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. വിജിലൻസ് പരിശോധനയ്ക് ഞങ്ങൾ എതിരല്ല. എന്ത് വിവരങ്ങൾ ചോദിച്ചാലും നൽകുകയും ചെയ്യും. എന്നാൽ, പരിശോധനയ്ക്ക് അവർ ചൂണ്ടിക്കാട്ടിയതായി പുറത്തുവന്ന കാരണങ്ങളൊന്നും നിയമപരമായി മാത്രമല്ല, യുക്തിപരമായും നിലനിൽക്കുന്നതല്ല. ചിട്ടിയുടെ സല തുക ട്രഷറിയിൽ അടച്ചില്ലെന്നതാണ് ഒരു ആരോപണം. ഇങ്ങനെ അടയ്ക്കാതെ കെ.എസ്.എഫ്.ഇ.ക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ചിട്ടി രജിസ്ട്രാർ അനുമതി നൽകില്ല. ദിവസേനയുള്ള കളക്ഷൻ തുക ട്രഷറിയിൽ നിക്ഷേപിച്ചില്ലെന്നതാണ് രണ്ടാമത്തേത്. ഇങ്ങനെയൊരു വ്യവസ്ഥ നിയമത്തിലെവിടെയുമില്ല. അത് സാധ്യവുമല്ല. ചിട്ടിവിളിച്ചയാൾക്ക് എളുപ്പത്തിൽ പണം കൊടുക്കാൻ ഏറ്റവും അടുത്ത ബാങ്ക് ശാഖയിൽ നിക്ഷേപിക്കണം. അംഗീകൃത ബാങ്കിൽ നിക്ഷേപിക്കണമെന്നേ നിയമത്തിൽ പറയുന്നുള്ളൂ. ചെക്ക് വെച്ച് ലേലത്തിൽ പങ്കെടുക്കുന്നുവെന്നാണ് മൂന്നാമത്തെ ആരോപണം. ഇത് കെ.എസ്.എഫ്.ഇ.യുടെ ബിസിനസിന് അനിവാര്യമാണ്. സ്ഥിരമായി പണമടയ്ക്കുന്ന ഇടപാടുകാർ ചെക്ക് നൽകിയാലും സ്വീകരിക്കും. ചെക്ക് മടങ്ങിയാൽ മാത്രമാണ് ഇത് അനുവദിക്കാത്ത നിലപാട് സാധാരണ സ്വീകരിക്കാറുള്ളത്. ചെക്ക് മടങ്ങിയാൽ അത് പലിശസഹിതം തിരിച്ചുപിടിക്കാറുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ചിട്ടിയെ ഉപയോഗിക്കുന്നുവെന്നതടക്കം ഗുരുതരമായ കാര്യങ്ങളാണ് വിജിലൻസ് കണ്ടെത്തലായി പുറത്തുവന്നിട്ടുള്ളത്? കള്ളപ്പണം വെളുപ്പിക്കാൻ കെ.എസ്.എഫ്.ഇ. ചിട്ടിയെ ഉപയോഗിക്കുന്നതിന് ഒരു സാധ്യതയുമില്ല. ചിട്ടി വിഹിതം അടയ്ക്കുന്നതിന് ആദായനികുതി നിർദേശിക്കുന്ന തുകമാത്രമാണ് പണമായി സ്വീകരിക്കുന്നത്. അതിനുപുറമേയുള്ളത് ബാങ്ക് അക്കൗണ്ടുവഴിയാണ് നൽകേണ്ടത്. ചിട്ടിവിളിച്ചാൽ മുഴുവൻ തുകയും ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുന്നത്. അതിനാൽ, കള്ളപ്പണം വെളുപ്പിക്കാൻ ചിട്ടിയെ ഉപയോഗിക്കാനാവില്ല. നോട്ട് നിരോധനത്തിനു ശേഷം പണമിടപാട് സംബന്ധിച്ചുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഡിറ്റിൽ ഉറപ്പുവരുത്തുന്നുമുണ്ട്. പരിശോധനയ്ക്കു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നത് എന്തുകൊണ്ടാണ്? ചിട്ടിയിലും സ്വർണപ്പണയവായ്പയിലും കെ.എസ്.എഫ്.ഇ. അഭൂതപൂർവമായ വളർച്ച നേടിയിട്ടുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ചിട്ടിയുടെ 80 ശതമാനവും കെ.എസ്.എഫ്.ഇ.യുടേതാണ്. ഈ മേധാവിത്വം സ്വകാര്യ ചിട്ടിക്കമ്പനികളെ അസ്വസ്ഥമാക്കുന്നുണ്ട്. മൾട്ടി ഡിവിഷൻ ചിട്ടി എന്ന പേരിൽ നടപ്പാക്കിയ പുതിയ പരിഷ്കാരം കാരണം സ്വകാര്യ ചിട്ടിക്കമ്പനികളെ പലരും ഉപേക്ഷിച്ചു. അവർക്ക് കെ.എസ്.എഫ്.ഇ.യെ ക്ഷീണിപ്പിക്കണമെന്ന് ആഗ്രഹമുണ്ടാകാം. കോവിഡ് കാലത്തുപോലും സ്വർണപ്പണയ വായ്പയുടെ തോത് വർധിച്ച സ്ഥാപനം കെ.എസ്.എഫ്.ഇ.യാണ്. സ്വർണവില കൂടിയപ്പോൾ വൻതോതിൽ സ്വർണ ഉരുപ്പടി പിൻവലിച്ച് വിൽക്കുന്ന സ്ഥിതിയുണ്ടായി. കെ.എസ്.എഫ്.ഇ.യിലും ഇതുണ്ടായെങ്കിലും വായ്പയുടെ തോത് കുറഞ്ഞില്ല. നവംബർ 30 വരെയുള്ള കണക്കനുസരിച്ച് 550 കോടിയുടെ അധിക ബിസിനസുണ്ടായി. രാജ്യത്താകെ സ്വർണപ്പണയരംഗം കൈയടക്കിവെച്ചവർക്കാണ് കെ.എസ്.എഫ്.ഇ. കേരളത്തിൽ വെല്ലുവിളിയായി നിൽക്കുന്നത്. അതുകൊണ്ടാണ് സ്വകാര്യ ചിട്ടിക്കമ്പനികളുടെയും പണമിടപാട് സ്ഥാപനത്തിന്റെയും സ്വാധീനം ഈ റെയ്ഡിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നത്. ഇതിന്റെ വ്യക്തമായ തെളിവ് അടുത്തദിവസം വരും. അപ്പോൾ പരസ്യപ്പെടുത്തും. സ്വർണം സൂക്ഷിക്കുന്നതിന് വേണ്ടത്ര സുരക്ഷയില്ലെന്ന കണ്ടെത്തൽ ഈ സംശയം ബലപ്പെടുത്തുന്നതാണ്. 600 ശാഖകളിൽ സ്വർണപ്പണയവായ്പ നൽകുന്നുണ്ട്. ഒരിടത്തുനിന്നും സ്വർണം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. പണയസ്വർണ ഉരുപ്പടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. സ്ട്രോങ് റൂമുകൾക്ക് സി.സി.ടി.വി. നിരീക്ഷണമുണ്ട്. സുരക്ഷ പോരെന്ന് വിജിലൻസ് കണ്ടെത്തി അറിയിച്ചാൽ അത് പരിഹരിക്കാൻ തയ്യാറാണ്. എന്നിട്ടും, സ്വർണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ്. ഇപ്പോൾ മിതമായി പറഞ്ഞുവെന്നേയുള്ളൂ. പരിശോധനയിലെ കണ്ടെത്തൽ ഔദ്യോഗികമായി അറിയിക്കുന്നതുവരെ ഇത്രമാത്രമേ പറയുന്നുള്ളൂ. 7000 ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് 1200 പി.എസ്.സി. നിയമനം നടത്തി. അങ്ങനെയുള്ള സ്ഥാപനത്തെ ബിസിനസ് രംഗത്ത് ക്ഷീണിപ്പിക്കാൻ മറ്റ് പ്രവർത്തനങ്ങളെ തളർത്താൻ ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തിന് നല്ലതല്ല. ഇടപാടുകാർക്ക് ആശങ്കയുണ്ടോ? ഇത്ര വിവാദങ്ങളുണ്ടായിട്ടും കുറച്ചുപേർമാത്രമാണ് ഞങ്ങളെ വിളിച്ച് സംശയം ചോദിച്ചത്. ഭൂരിഭാഗം ഇടപാടുകാർക്കും വിശ്വാസത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. അത് സന്തോഷകരമായ കാര്യമാണ്. 35 ലക്ഷത്തോളം വരുന്ന ഇടപാടുകാർക്ക് എന്നും ഈ സ്ഥാപനത്തെ ആശ്രയിക്കാം. അവർക്ക് ഒരുബുദ്ധിമുട്ടും ഒരിക്കലുമുണ്ടാകില്ല. അവരുടെ പണവും സ്വർണവും മറ്റ് ഇടപാടുകളും എല്ലാം സുരക്ഷിതമായിരിക്കുമെന്ന് ചെയർമാൻ എന്ന നിലയിൽ ഉറപ്പുനൽകുന്നു. അതിൽ ഒരു ആശങ്കയും വേണ്ടാ. content highlights:KSFE chairman PEELIPOSE THOMAS


from mathrubhumi.latestnews.rssfeed https://ift.tt/3fPKPpK
via IFTTT