Breaking

Tuesday, December 1, 2020

സ്വർണക്കടത്തിൽ കൂടുതൽ വിദേശികൾ പങ്കാളി -സ്വപ്ന

കൊച്ചി: സ്വർണക്കടത്തിൽ കൂടുതൽ വിദേശികൾ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴിയെന്ന് സൂചന. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. ഇതെല്ലാം വ്യക്തമാക്കുന്ന സ്വപ്നാ സുരേഷിന്റെ മൊഴിയാണ് അന്വേഷണസംഘം മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു. നവംബർ 27-നാണ് സ്വപ്നാ സുരേഷ് കസ്റ്റംസിനോട് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇവയെല്ലാം അതിഗൗരവസ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വർണക്കടത്ത് മാത്രമല്ല ഡോളർക്കടത്തും മൊഴികളിൽ കടന്നുവരുന്നുണ്ട്. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്. എന്നാൽ, പേരുകളൊന്നും വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. കോടതിയുടെ ഉത്തരവിലും ഈ പേരുകളൊന്നും പരാമർശിച്ചിട്ടില്ല. എന്നാൽ, മൊഴി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സ്വപ്നയ്ക്കൊപ്പം പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും മുദ്രവെച്ച കവറിൽ കൈമാറിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പിന്തുണയ്ക്കുന്ന പല വിവരങ്ങളും ഇതിലുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നവംബർ 28, 29 തീയതികളിലാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പ്രതികളുടെ കസ്റ്റഡി മൂന്നുദിവസത്തേക്കുകൂടി നീട്ടിയത്. വിദേശ പൗരൻമാരുടെ പങ്കാളിത്തമെന്ന വെളിപ്പെടുത്തൽ എൻ.ഐ.എ.യുടെ അന്വേഷണപരിധിയിൽ വരുന്നതാണ്. ഇവർ സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3moKeOk
via IFTTT