Justice Liberhan ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ചതും അതിലേക്കു നയിച്ച സംഭവങ്ങളും അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് ജസ്റ്റിസ് (റിട്ട.) എം.എസ്. ലിബർഹാന്റെ നേതൃത്വത്തിൽ കമ്മിഷനെ നിയമിച്ചത്. ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നേതാക്കളുടെയും സംഘപരിവാറിലെ മറ്റ് അംഗങ്ങളുടെയും 'ആസൂത്രിത ഗൂഢാലോചന'യുടെ ഫലമായാണ് ബാബറി മസ്ജിദ് പൊളിച്ചതെന്നായിരുന്നു 17 വർഷത്തെ അന്വേഷണത്തിനുശേഷം കമ്മിഷന്റെ കണ്ടെത്തൽ. ഈ കണ്ടെത്തലുകളെല്ലാം കേസ് വിചാരണചെയ്ത സി.ബി.ഐ. കോടതി തള്ളി. കമ്മിഷൻ റിപ്പോർട്ടിൽനിന്ന് 1. അയോധ്യയിലേക്ക് എത്തിക്കൊണ്ടിരുന്ന ആൾക്കൂട്ടത്തിനു തങ്ങാൻ കൂടാരങ്ങളും മറ്റ് അഭയകേന്ദ്രങ്ങളും ആഹാരവും അവശ്യവിഭവങ്ങളും നൽകാൻ സഹായം ആവശ്യമായിരുന്നു. ഇതിനുള്ള പണമെത്തിയത് സംഘപരിവാർ സംഘടനകളുടെ പണപ്പെട്ടിയിൽനിന്ന് വിവിധ വ്യക്തികളുടെയും സംഘടനകളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. 2. ഈ പണത്തിന്റെ ഉപയോഗം ബാബറി മസ്ജിദ് പൊളിക്കൽവരെയെത്തിച്ച ആസൂത്രണത്തിലേക്കും പുനരാസൂത്രണത്തിലേക്കും സ്പഷ്ടമായി വിരൽചൂണ്ടുന്നുണ്ട്. കർസേവകരുടെ വരവും അയോധ്യയിലും ഫൈസാബാദിലും അവർ ഒത്തുകൂടിയതും യാദൃച്ഛികമായോ സ്വമനസ്സാലെയോ സംഭവിച്ചതല്ലെന്നാണ് തെളിവുകളിൽനിന്ന് വ്യക്തമാകുന്നത്. അത് വളരെ ശ്രദ്ധാപൂർവമുള്ളതും ആസൂത്രിതവുമായിരുന്നു... രോഷത്താലും വികാരാവേശത്താലും കർസേവകർ സ്വാഭാവികമായി നടത്തിയതാണ് മസ്ജിദ് പൊളിക്കലെന്ന പ്രസ്ഥാന നേതാക്കളുടെയും രാഷ്ട്രീയ, സാമൂഹിക സംഘടനാ ബിംബങ്ങളുടെയും സിദ്ധാന്തം അല്ലെങ്കിൽ അവകാശവാദം വിശ്വാസയോഗ്യമല്ല. 3. 1992 ഡിസംബർ ആറിലേക്കു നയിച്ച സംഭവങ്ങൾ സംയുക്തമായ ഗൂഢാലോചനയുടെ ഫലമാണ്. സമാധാനപരമായി കഴിഞ്ഞിരുന്ന സമൂഹങ്ങളെ ദ്വേഷബുദ്ധിയുള്ള ഒരുപിടി നേതാക്കൾ ക്ഷമയുടെ പേരുപറഞ്ഞ് ഖേദമേതുമില്ലാതെ ഉണർത്തി അസഹിഷ്ണുതയുള്ള കൂട്ടങ്ങളാക്കി മാറ്റുകയായിരുന്നു. 4. കല്യാൺ സിങ്ങും അദ്ദേഹത്തിന്റെ മന്ത്രിമാരും അദ്ദേഹം തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരും മനഃപൂർവമായ സാഹചര്യം സൃഷ്ടിച്ച് തർക്കമന്ദിരത്തിന്റെ പൊളിക്കലിന് ഇടയാക്കുകയും രണ്ടു മതസമൂഹങ്ങൾക്കിടയിലെ വിടവ് വലുതാക്കി രാജ്യമാകെ കൂട്ടക്കൊലകൾക്ക് വഴിയൊരുക്കുകയുമായിരുന്നു. മുഖ്യമന്ത്രി കല്യാൺ സിങ്, അദ്ദേഹത്തിന്റെ മന്ത്രിമാർ, നിർദിഷ്ടപദവികളിൽ അദ്ദേഹം അവരോധിച്ചിരുന്ന ഉദ്യോഗസ്ഥർ എന്നിവർ കുറ്റക്കാരാണെന്നതിൽ സംശയമില്ല. 5. എൽ.കെ. അദ്വാനിക്കോ എ.ബി. വാജ്പേയിക്കോ എം.എം. ജോഷിക്കോ സംഘപരിവാറിന്റെ ആസൂത്രണങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്ന് ഒരുനിമിഷംപോലും കരുതാനാവില്ല... ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുകയും കുറ്റവിമുക്തരാക്കുകയും ചെയ്യരുത്. വിധി 'ശുദ്ധ പ്രഹസനം' -ലിബർഹാൻ ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ച കേസിലെ സി.ബി.ഐ. പ്രത്യേക കോടതി വിധി 'ശുദ്ധ പ്രഹസന'മാണെന്ന് ലിബർഹാൻ കമ്മിഷൻ തലവൻ ജസ്റ്റിസ് (റിട്ട.) എം.എസ്. ലിബർഹാൻ പറഞ്ഞു. കോടതി കുറ്റമുക്തരാക്കിയ നേതാക്കളുടെ പങ്കാളിത്തവും കുറ്റവും തെളിയിക്കാനും ബാബറി മസ്ജിദ് പൊളിച്ചതിനുപിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കാനും ആവശ്യമായ തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവേളയിൽ ശേഖരിച്ച തെളിവുകളെക്കുറിച്ച് വിശദമായ വിവരണം കമ്മിഷൻ നൽകിയതാണ്. കോടതിവിധി കമ്മിഷന്റെ കണ്ടെത്തലുകൾക്ക് പൂർണമായും വിരുദ്ധമാണ് -അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3cIzfv4
via
IFTTT