നീലേശ്വരം: മടിക്കൈ കൂലോംറോഡിലെ കെ.വി. ലക്ഷ്മിയമ്മയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് സഫലമായി. 11 വർഷം ജപ്പാനിലെ ജയിലിൽ കഴിഞ്ഞ മഹേന്ദ്രകുമാർ ബുധനാഴ്ച രാത്രി 7.30-ഓടെ വീട്ടിൽ തിരിച്ചെത്തി. വാഹനത്തിൽ നിന്നിറങ്ങിയ മഹേന്ദ്രൻ ആദ്യം ചെന്നത് അച്ഛൻ കെ.വി. കുമാരനെ ദഹിപ്പിച്ചിടത്തേക്കായിരുന്നു. മകനെ ഒരുനോക്ക് കാണണമെന്നാഗ്രഹിച്ചിട്ടും താൻ എത്തുന്നതിന് മുൻപ് പോയ അച്ഛനെ തൊഴുത് അദ്ദേഹം പൊട്ടിക്കരഞ്ഞു. കണ്ണീർ തുടച്ചുകൊണ്ട്, പടിക്കൽ കാത്തുനിൽക്കുന്ന അമ്മയോട് കോവിഡ് പ്രശ്‌നമുള്ളതിനാൽ അടുത്തേക്ക് വരേണ്ടെന്ന് പറഞ്ഞു. ‘‘നിന്നെ കാണാനല്ലേ മോനെ ഈ അമ്മ ഇത്രയും നാളും കാത്തിരുന്നത്’’-ലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞു. തെറ്റുകാരനല്ലെന്ന് നിയമം വഴി തെളിയിക്കുമെന്നും എല്ലാവരും കൂടെനിൽക്കണമെന്നും പറഞ്ഞാണ് അദ്ദേഹം വീട്ടിനകത്തേക്ക് കടന്നത്. അപ്പോഴേക്കും അമ്മ വിളക്കുകത്തിച്ച് മഹേന്ദ്രനെ സ്വീകരിച്ചു. ഇനി ഏഴുദിവസം വീട്ടിൽ ക്വറന്റീനിൽ കഴിയണം. 1997-ലാണ് മഹേന്ദ്രൻ ജപ്പാനിൽ പോയത്. ആദ്യം ഒരു കമ്പനിയിൽ ജോലിചെയ്തു. പിന്നീട് ഹോട്ടലും തുടങ്ങി. മലയാളി സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്ക് അക്രമത്തിലെത്തിയപ്പോൾ അത് തീർക്കാൻ എത്തിയ മഹേന്ദ്രകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008 മാർച്ചിലാണ് സംഭവം നടന്നത്. മഹേന്ദ്രന്റെ അച്ഛൻ കെ.വി. കുമാരൻ കഴിഞ്ഞവർഷമാണ് മരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3n26RsF
via
IFTTT