Breaking

Friday, June 12, 2020

കാളപ്പോരിന്റെ നാട്ടില്‍ ഫുട്‌ബോള്‍ തിരിച്ചെത്തി; ഡെര്‍ബിയില്‍ സെവിയ്യയ്ക്ക് ജയം

മാഡ്രിഡ്: അങ്ങനെ ഒടുവിൽ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം കാളപ്പോരിന്റെ നാട്ടിൽ വീണ്ടും പന്തുരുണ്ടു. കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് നിർത്തിവെച്ച സ്പാനിഷ് ലാ ലിഗ പുനഃരാരംഭിച്ചപ്പോൾ നഗരവൈരികളായ റയൽ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സെവിയ്യ ഡെർബി ജയം സ്വന്തമാക്കി. കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യ ഏകപക്ഷീയമായ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. പിന്നീട് സെവിയ്യ താരം ഡിയോങ്ങിനെ മാർക്ക് ബാർട്ര ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെ 56-ാം മിനിറ്റിൽ ലൂക്കാസ് ഒക്കാംപോസ് സെവിയ്യയെ മുന്നിലെത്തിച്ചു. 62-ാം മിനിറ്റിൽ ഒക്കാംപോസിന്റെ പാസിൽ നിന്ന് ഫെർണാണ്ടോ സെവിയ്യയുടെ രണ്ടാം ഗോളും നേടി. 43,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള റമോൺ സാഞ്ചസ് പിസ്യുവാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കാണികളില്ലാതെയാണ് മത്സരം നടന്നതെങ്കിലും ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാർ കാണികൾ നിറഞ്ഞ വെർച്വൽ ഗാലറിയും അവരുടെ ആരവമുയരുന്ന ഫാൻ ഓഡിയോയും ഒരുക്കിയാണ് മത്സരം സംപ്രേക്ഷണം ചെയ്തത്. സ്റ്റേഡിയത്തിൽ ശബ്ദം നിറയ്ക്കാൻ ഫിഫ വിഡിയോ ഗെയിമിന്റെ സ്രഷ്ടാക്കളായ ഇഎ സ്പോർട്സുമായിട്ടാണ് ലാ ലിഗയുടെ കരാർ. ലീഗിൽ 28 മത്സരങ്ങൾ പൂർത്തിയാക്കിയ സെവിയ്യ 50 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 33 പോയന്റുള്ള ബെറ്റിസ് 12-ാം സ്ഥാനത്തും. ലീഗിൽ 11 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ബാഴ്സലോണയും റയൽ മഡ്രിഡും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 27 കളികളിൽ നിന്ന് 58 പോയിന്റുള്ള ബാഴ്സയാണ് ലീഗിൽ ഒന്നാമത്. 56 പോയന്റോടെ റയൽ തൊട്ടുപിന്നിലുണ്ട്. ശനിയാഴ്ച റയൽ മയ്യോർക്കയുമായാണ് ബാഴ്സയുടെ ആദ്യ മത്സരം. റയൽ മഡ്രിഡ് ഞായറാഴ്ച ഐബറിനെ നേരിടും. കോവിഡ്-19 ഉയർത്തിയ പ്രതിസന്ധിക്കു ശേഷം യൂറോപ്പിലെ മുൻനിര ഫുട്ബോൾ ലീഗുകളിൽ പുനഃരാരംഭിച്ച രണ്ടാമത്തെ ലീഗാണ് ലാ ലിഗ. ജർമൻ ബുണ്ടെസ് ലിഗയാണ് നേരത്തെ പുനഃരാരംഭിച്ചത്. പ്രീമിയർ ലീഗ്, ഇറ്റാലിയൻ സീരി എ എന്നിവ അടുത്തയാഴ്ച ആരംഭിക്കും. Content Highlights:Sevilla defeat Real Betis 2-0 in La Liga return


from mathrubhumi.latestnews.rssfeed https://ift.tt/30B6hcq
via IFTTT