Breaking

Saturday, June 13, 2020

ക്വാറന്റീനില്‍ നിന്ന് യുവാക്കള്‍ മുങ്ങിയത് കാമുകിമാരെ കാണാന്‍; മടങ്ങിയെത്തിയത് മദ്യവും കഞ്ചാവുമായി

ഇംഫാൽ: കാമുകിമാരെ കാണാൻ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ട് യുവാക്കൾ ചാടിപ്പോയ ശേഷം മടങ്ങിയെത്തിയത് മദ്യവും കഞ്ചാവും സിഗററ്റുകളുമായി. സ്വന്തം ഇരുചക്രവാഹനങ്ങളിലാണ് യുവാക്കൾ വീട്ടിൽ നിന്ന് തിരികെയെത്തിയത്. മണിപ്പുരിലാണ് സംഭവം. ക്വാറന്റീൻ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് മദ്യവും കഞ്ചാവും സിഗററ്റും വിറ്റതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ മുങ്ങിയ വിവരമറിഞ്ഞത്. യുവാക്കൾ പോകുന്ന വിവരമറിഞ്ഞ് ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മറ്റുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ മദ്യവും മറ്റും എത്തിച്ചത്. ജില്ലാ മജിസ്ട്രേറ്റ് ആംസ്ട്രോങ് പാമെയാണ് വിവരം ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടത്. താമെംഗ്ലോങ് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് രണ്ട് യുവാക്കൾ കാമുകിമാരെ കാണാൻ പുറത്തുപോയതായും ക്വാറന്റീൻ കേന്ദ്രത്തിൽ ഒപ്പമുണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടതനുസരിച്ച് എട്ട് ലിറ്ററോളം മദ്യവും നാല് പാക്കറ്റോളം സിഗററ്റും കഞ്ചാവുമായി മടങ്ങിയെത്തിയതായും ഇവ വിതരണം ചെയ്യുന്നതിനിടെ അധികൃതർ പിടികൂടിയതായും പാമെ പോസ്റ്റിൽ കുറിച്ചു. ക്വാറന്റീനിൽ കഴിയുന്നവർ അത് പൂർത്തിയാക്കി മടങ്ങിയെത്തുന്നതും കാത്തിരിക്കുന്ന വീട്ടുകാരെ കുറിച്ചാലോചിച്ച് ലഹരിയുപയോഗിക്കാനുള്ള ആസക്തി നിയന്ത്രിക്കാൻ സാധിക്കുന്നില്ലേയെന്ന് ചോദ്യത്തോടൊപ്പം ഇത്തരത്തിലുള്ള ആൾക്കാരെ കൈകാര്യം ചെയ്യേണ്ട വിധത്തെ കുറിച്ചുള്ള ആശങ്കയും പാമെ പങ്കു വെച്ചു. ജയിലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യമായതിനാൽ ഇവരെ ജയിലിലടക്കാനും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പിഴയിട്ടാൽ മദ്യം വിറ്റു കിട്ടുന്ന ലാഭത്തിൽ നിന്ന് അതടച്ച് രക്ഷപ്പെടുമെന്നും അദ്ദേഹം പറയുന്നു. ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതെന്നും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മണിപ്പുർ സർക്കാർ ഒരുക്കിയതായും പാമെ പറഞ്ഞു. ഗ്രാമീണരുൾപ്പെടെ പലരും സഹായവുമായി മുന്നോട്ടു വന്നതായും പാമെ കൂട്ടിച്ചേർത്തു. ക്വാറന്റീനിൽ കഴിയുന്നവർക്കായി വോളണ്ടിയർമാർ രാപ്പകൽ സഹായം നൽകുന്നതിന് സന്നദ്ധരാണ്. ഈ സൗകര്യങ്ങളുണ്ടായിട്ടും ചിലർ വിവേകമില്ലാതെ പെരുമാറുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. Content Highlights: Two returnees flee quarantine centre to meet girlfriends, return with liquor, ganja in Manipur


from mathrubhumi.latestnews.rssfeed https://ift.tt/2zsazro
via IFTTT