Breaking

Friday, June 19, 2020

അഭിമന്യൂവിനെ കുത്തിവീഴ്ത്തിയ സഹല്‍ ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയില്‍; കീഴടങ്ങിയത് കോവിഡ് ഭയത്താല്‍

കൊച്ചി: കർണാടകത്തിൽ കോവിഡ് പടർന്നുപിടിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയാണ് അഭിമന്യു വധക്കേസിലെ പ്രതി സഹൽഹംസ കീഴടങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുവർഷത്തോളം കേരളത്തിനകത്തും പുറത്തുമായി പോലീസ് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്ത പ്രതിയാണ് കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഒളിവിൽകഴിയവേ വൈറസ് ബാധയുണ്ടെന്നു സംശയമുണ്ടായാൽ പരിശോധനയ്ക്കുകഴിയില്ല. എന്നാൽ, കേരളത്തിലെത്തി കോടതിയിൽ ഹാജരായാൽ നിയമപരിരക്ഷയുടെ ഭാഗമായി പരിശോധനയും ചികിത്സയും കിട്ടും. ഇത് മുൻകൂട്ടിക്കണ്ടാണ് ഹാജരായതെന്നാണു കരുതുന്നത്. കർണാടകയിൽനിന്ന് റോഡ്മാർഗം വീട്ടിലെത്തി ഇവിടെനിന്ന് കോടതിയിൽ ഹാജരായെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. സഹലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതിയിൽനിന്ന് എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി. കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശേഷം കുറ്റവാളികളെ താമസിപ്പിക്കുന്ന കൊരട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റി. പരിശോധനാഫലം വരുന്നതുവരെ ഇവിടെ താമസിപ്പിക്കും. ഫലം പോസിറ്റീവാണെങ്കിൽ എറണാകുളം മെഡിക്കൽകോളേജിലേക്കും നെഗറ്റീവെങ്കിൽ ജയിലിലേക്കും മാറ്റും. രോഗമില്ലെന്നു തെളിഞ്ഞാൽ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി. എസ്.ടി. സുരേഷ് കുമാർ പറഞ്ഞു. സഹലിന്റെ അറസ്റ്റോടെ കേസിൽ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളും അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് പ്രതികൾ. അഭിമന്യുവിന്റെ സുഹൃത്ത് അർജുനെ കുത്തിയ മുഹമ്മദ് ഷഹിം കഴിഞ്ഞ നവംബറിൽ കീഴടങ്ങിയിരുന്നു. അഭിമന്യുവിനെ കുത്താൻ പിടിച്ചുനിർത്തിക്കൊടുത്ത വി.എൻ. ഷിഫാസ്(23) ഉൾപ്പെടെ പലരും നേരത്തേ കീഴടങ്ങുകയായിരുന്നു. ഈ മാസം 25-ന് കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സഹൽ കീഴടങ്ങിയത്. ആദ്യം എറണാകുളം സെൻട്രൽ സി.ഐ. അന്വേഷിച്ച കേസ് പിന്നീട് എ.സി.പി. എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. അഭിമന്യുവിനെ കുത്താൻ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം കണ്ടെടുക്കണമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തണം. 1,500 പേജ് കുറ്റപത്രമാണ് നൽകിയിട്ടുള്ളത്. Content Highlights: abhimanyu murder case accused sahal was stayed in karnataka for two years


from mathrubhumi.latestnews.rssfeed https://ift.tt/30RddlU
via IFTTT