Breaking

Saturday, April 20, 2019

ശബരിമല: സുപ്രീം കോടതി വിധി തെറ്റാണെന്നും അതിനോട് താന്‍ യോജിക്കുന്നില്ലെന്നും വി.മുരളീധരന്‍

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും എം.പിയുമായ വി മുരളീധരന്‍. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റാണെന്നും അതിനോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി തെറ്റാണെന്ന് പറയാന്‍ ഈ നാട്ടിലെ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ബാദ്ധ്യത ഞങ്ങള്‍ക്കുണ്ടെന്നാണ് കേരള സര്‍ക്കാര്‍ വിധി വന്നശേഷം പറഞ്ഞത്. സര്‍ക്കാരിന്റെ വാദത്തെ താന്‍ അംഗീകരിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ ആരെയെങ്കിലും ഒളിച്ചു കടത്തലല്ല. ഇതാണ് ഞാന്‍ പറഞ്ഞത്. 

ഒരാള്‍ ശബരിമല അയ്യപ്പനെ കാണാന്‍ സ്വയം ചെല്ലുമ്‌ബോള്‍ അയാളെ തടയാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണം. പെരിന്തല്‍മണ്ണ മുതല്‍ ശബരിമല വരെ ഒരാളെ പോലീസിന്റെ വണ്ടിയിലും ഫോറസ്റ്റിന്റെ വണ്ടിയിലും കൊണ്ടു പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഇരുപത് ലോക്‌സഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഈ വിമര്‍ശനം. തിരഞ്ഞെടുപ്പ് ചൂട് ശക്തമായതോടെ കേരളത്തില്‍ ശബരിമല വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി പ്രചാരണത്തിനായി ദക്ഷിണേന്ത്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
 



from Anweshanam | The Latest News From India http://bit.ly/2IJ5PzZ
via IFTTT