Breaking

Tuesday, April 30, 2019

‘ഫാറ്റിലിവര്‍ ’ ചെറുപ്പക്കാരുടെ രോഗം

കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവര്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു കരള്‍ രോഗമാണ്.  കരളിനെ ബാധിക്കുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍ എന്നുപറയാം.സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഫാറ്റിലിവര്‍, ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. രോഗങ്ങളുടെ കൂട്ട ആക്രമണമായ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. രക്താതിസമ്മര്‍ദം, അമിത കൊഴുപ്പ്, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രമേഹം തുടങ്ങിയവയാണ് മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഉപഘടകങ്ങള്‍.മദ്യപാനമാണ് ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായി മദ്യപിക്കുന്ന 90 ശതമാനമാളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇവരില്‍ പത്തുമുതല്‍ ഇരുപത് ശതമാനം വരെ മദ്യപര്‍ ഹെപ്പറ്റൈറ്റിസ് എന്ന കൂടുതല്‍ ഗുരുതരമായ കരള്‍ രോഗത്തിലേക്ക് പുരോഗമിക്കുന്നു.

പോഷകാഹാരക്കുറവ്, സ്റ്റീറോയ്ഡ് അടക്കമുള്ള ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ദീര്‍ഘകാല ഉദരരോഗങ്ങള്‍, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ ഇവയെ തുടര്‍ന്നെല്ലാം ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായി പട്ടിണികിടക്കുന്നതും ഫാറ്റി ലിവറിനുള്ള മറ്റൊരു കാരണമാണ്.ഇന്‍സുലിന്‍ പ്രതിരോധമുള്ള വ്യക്തികളില്‍ കരളിലെ കോശങ്ങളിലേക്ക് കൂടുതല്‍ കൊഴുപ്പ് എത്തുകയും കോശങ്ങളില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണ് ഫാറ്റി ലിവറിന്റെ അടിസ്ഥാന കാരണം.തുടര്‍ന്ന് കരളിന് നീര്‍വീക്ക മുണ്ടാകുകയും കരളിലെ കോശങ്ങള്‍ക്ക് ചുറ്റുമായി നീര്‍വീക്കകോശങ്ങള്‍ വന്നു നിറയുകയും ചെയ്യുന്നു. രോഗം പുരോഗമിക്കുകയാണെങ്കില്‍ സിറോസിസ് എന്ന മാരകമായ കരള്‍രോഗമുണ്ടാകാനിടയുണ്ട്.രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഫാറ്റി ലിവര്‍ രണ്ടു തരത്തിലുണ്ട്.കരളില്‍ അല്പം കൊഴുപ്പടിഞ്ഞുകൂടി എന്നതൊഴിച്ചാല്‍ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്ന് വിളിക്കുന്നു.

എന്നാല്‍ അതിനോടൊപ്പം  കരളില്‍ നീര്‍വീക്കമുണ്ടാകുന്ന അവസ്ഥകള്‍ നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (നാഷ്) എന്ന് വിളിക്കുന്നു.ഫാറ്റിലിവര്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛിമായി ഒരു വൈദ്യപരിശോധനയ്ക്കിടയിലായിരിക്കും കരളിന് വീക്കമുണ്ടെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ചിലര്‍ക്ക് ക്ഷീണം, വയറിന്റെ വലതുവശത്തായി വേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. രക്തപരിശോധനയില്‍ (ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) എ.എല്‍.ടി., എ.എസ്.ടി. തുടങ്ങിയ എന്‍സൈമുകള്‍ ഉയര്‍ന്ന അളവില്‍ കാണാനിടയുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ കരളിന്റെ വലിപ്പത്തെക്കുറിച്ചും രോഗത്തിന്റെ സ്ഥിതിയെക്കുറിച്ചും കൂടുതല്‍ വ്യക്തമായ സൂചനകള്‍ ലഭിക്കും. കരളിന്റെ കോശങ്ങള്‍ക്കുണ്ടായ നാശത്തെക്കുറിച്ച് മനസ്സിലാക്കാനായി ബയോപ്‌സി പരിശോധനയും വേണ്ടിവന്നേക്കാം.രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കൃത്യമായി വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം.പ്രതിദിനം 30-40 മിനിറ്റെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. നടത്തം, ജോഗിങ്, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമമുറകളാണ്. ക്രമമായ വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നു.   


 



from Anweshanam | The Latest News From Health http://bit.ly/2IPhmP4
via IFTTT