Breaking

Monday, April 29, 2019

ശ്രീലങ്കയിലെ സ്‌ഫോടനത്തിനു പിന്നില്‍ മലയാളികളും?

കാസർകോട്/പാലക്കാട്: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന സംശയത്തിൽ മൂന്ന് മലയാളികളെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) ചോദ്യംചെയ്തു. ഇതിൽ രണ്ടുപേർ കാസർകോട് സ്വദേശികളും ഒരാൾ പാലക്കാട് മുതലമട സ്വദേശിയുമാണ്.കാസർകോട് വിദ്യാനഗർ സ്വദേശി അബൂബക്കർ സിദ്ദിഖ് (28), കൂഡ്‌ലു കാളംകാവിലെ അഹമ്മദ് അറാഫത്ത് (23), പാലക്കാട് മുതലമട ചുള്ളിയാർമേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കർ(25) എന്നിവരെയാണ് ചോദ്യംചെയ്തത്. ചോദ്യംചെയ്ത ശേഷം കാസർകോട് സ്വദേശികളോട് ചൊവ്വാഴ്ച കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. പാലക്കാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി.അതേസമയം, ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്ന് പേരെടുത്തുപറയാൻ എൻ.ഐ.എ. തയ്യാറായില്ല. അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവരെ ചോദ്യംചെയ്യുന്നു എന്നുമാത്രമാണ് എൻ.ഐ.എ. ഉന്നതൻ നൽകിയ വിശദീകരണം.ഇവരിൽനിന്ന് ഒന്നിലേറെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, അറബിയിലും മലയാളത്തിലും എഴുതിയ ഡയറികൾ, ഡി.വി.ഡി.കൾ, സി.ഡി.കൾ, വിവാദ ആത്മീയ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചില പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഡിജിറ്റൽ വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്കയക്കുമെന്ന് എൻ.ഐ.എ. വൃത്തങ്ങൾ പറഞ്ഞു.ഞായറാഴ്ച അതിരാവിലെയായിരുന്നു മൂന്നിടങ്ങളിലും പരിശോധന. എൻ.ഐ.എ. കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി. ഷാഹുൽഹമീദ്, ഡൽഹി യൂണിറ്റ് ഡിവൈ.എസ്.പി. ജഗ്ബീർ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാസർകോട്ടെ പരിശോധന. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അബൂബക്കർ സിദ്ദിഖിന്റെയും ജഗബീർസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അഹമ്മദ് അറാഫത്തിന്റെയും വീടുകളിലെത്തി മണിക്കൂറുകളോളം പരിശോധന നടത്തി. കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘമാണ് മുതലമടയിലെ വീട്ടിലെത്തി പരിശോധന നടത്തിയതും റിയാസ് അബൂബക്കറിനെ കസ്റ്റഡിയിലെടുത്തതും. സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ റിയാസ് പോസ്റ്റുചെയ്ത ചില കാര്യങ്ങൾ സംശയങ്ങൾക്ക് ഇടയാക്കിയതിനാൽ ഇയാൾ എൻ.ഐ.എ. നിരീക്ഷണത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. കൂടാെത, കോയന്പത്തൂരിലും എൻ.ഐ.എ. പരിശോധന നടത്തി.ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി(ഐ.എസ്.) ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയാണ് എൻ.ഐ.എ. നൽകുന്നത്. കേരളത്തിൽനിന്ന് ഐ.എസിൽ ചേരാൻ വിദേശത്തേക്കുപോയ 21 പേരിൽ 17 പേരും കാസർകോട് ജില്ലയിലുള്ളവരായിരുന്നു. ശ്രീലങ്കയിൽ എട്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 253 പേരാണ് മരിച്ചത്. അന്ന് സ്ഫോടനം നടത്തിയ ചാവേറുകളിലൊരാളായ സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ അബൂബക്കർ സിദ്ദിഖും അഹമ്മദ് അറാഫത്തും ആകൃഷ്ടരായിരുന്നുവെന്ന് പിടിച്ചെടുത്ത രേഖകളിൽനിന്ന് സൂചന കിട്ടിയതായി അറിയുന്നു. സഹ്രാൻ ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.പരിശോധനകൾക്ക് ലോക്കൽ പോലീസിന്റെ സഹായം തേടിയിരുന്നെങ്കിലും അന്വേഷണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പോലീസിന് കൈമാറാൻ എൻ.ഐ.എ. തയ്യാറായിട്ടില്ല.എൻഐ.എ. അന്വേഷിക്കുന്നു, ‘കമിങ് നെക്‌സ്റ്റ്’ശ്രീലങ്കയിലെ ഭീകരാക്രമണത്തിനുശേഷം ‘കമിങ് നെക്‌സ്റ്റ്’ എന്ന തരത്തിൽ ഐ.എസ്. പുറത്തിറക്കിയ ലഘുലേഖയിൽ കേരളത്തെപ്പറ്റി സൂചിപ്പിക്കുന്നതായി എൻ.ഐ.എ. പറയുന്നു. ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ ഉൾപ്പെട്ടവർ കേരളവും തമിഴ്നാടും സന്ദർശിച്ചിരുന്നു, ഭീകരർക്ക് ഇന്ത്യയിൽനിന്ന് എന്തെങ്കിലും സഹായമുണ്ടായിരുന്നോ എന്നീ കാര്യങ്ങൾ എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു ഞായറാഴ്ച കാസർകോട്, മുതലമട, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പരിശോധന.


from mathrubhumi.latestnews.rssfeed http://bit.ly/2VBraly
via IFTTT