കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ സിറോ മലബാർ സഭാ സിനഡിൽ ഹാജരാക്കപ്പെട്ട ബാങ്കുരേഖകൾ വ്യാജമാണെന്ന് പോലീസ്. ഇങ്ങനെയൊരു അക്കൗണ്ടില്ലെന്ന് സ്വകാര്യബാങ്ക് അധികൃതർ പോലീസിന് മൊഴി നൽകി. കർദിനാളിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ഈ അക്കൗണ്ടിലൂടെ കർദിനാൾ വൻതുക കൈമാറിയെന്നായിരുന്നു ആരോപണം. അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യാജരേഖയുണ്ടാക്കിയത് ആരെന്നാണ് ഇനി കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണോദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി. കെ.എ. വിദ്യാധരൻ പറഞ്ഞു. ഫാ. പോൾ തേലക്കാട്ടാണ് തനിക്ക് ലഭിച്ച രേഖകൾ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്ബ് മനത്തോടത്തിനെ ഏൽപ്പിച്ചത്. രേഖകളുടെ ആധികാരികതയെക്കുറിച്ചറിയില്ലെന്നും ശരിയായാലും തെറ്റായാലും ഗുരുതരസ്ഥിതിയാണെന്നും അദ്ദേഹം അഡ്മിനിസ്ട്രേറ്ററോട് പറഞ്ഞു. രണ്ടുസാധ്യതകളും പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മാർ മനത്തോടത്ത് ഇത് കർദിനാളിനെ ഏൽപ്പിച്ചു. അദ്ദേഹമിത് സിനഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. രേഖകൾ വ്യാജമാണെന്ന് സിനഡിൽ വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് സിനഡിന്റെ നിർദേശ പ്രകാരം വ്യാജരേഖ ചമച്ചവരെ കണ്ടെത്താൻ പോലീസിൽ പരാതി നൽകാൻ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ.ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തി. സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. തുടർന്ന് പരാതിക്കാരന്റെ മൊഴിപ്രകാരം മാർ ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതികളാക്കി പോലീസ് കേസെടുത്തത്. സംഭവം നടന്നത് കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലായതിനാൽ കേസ് പിന്നീട് തൃക്കാക്കര പോലീസിന് കൈമാറി. ഇവിടെ പ്രഥമവിവര റിപ്പോർട്ട് വീണ്ടും രജിസ്റ്റർ ചെയ്തപ്പോൾ മാർ മനത്തോടത്തിന്റെ പേരൊഴിവാക്കപ്പെട്ടു. കോടതി ഇത് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പിന്നീട് ചേർത്തു. എന്നാൽ ആർക്കെങ്കിലുമെതിരേ കേസെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടുപേരുടെയും പേരുകൾ എഫ്.ഐ.ആറിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കുമെന്നും കർദിനാൾ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ.തേലക്കാട്ടും മാർ മനത്തോടത്തും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. content highlights:Fake bank a/c not of cardinal
from mathrubhumi.latestnews.rssfeed http://bit.ly/2WdNnU2
via
IFTTT