Breaking

Monday, April 29, 2019

കണ്ണൂരിലേത് കള്ളവോട്ടു തന്നെ; വിശദ അന്വേഷണത്തിന്‌ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിൽ കള്ളവോട്ട് നടന്നതായി പ്രാഥമിക റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കള്ളവോട്ട് നടന്നുവെന്നുവേണം കരുതാനെന്ന് ജില്ലാകളക്ടർമാരും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ആദ്യ വിശദീകരണം നൽകി. ആരോപണങ്ങൾക്ക് അവസരം ഉണ്ടാകാത്തവിധം വിശദാന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ കണ്ണൂർ, കാസർകോട് ജില്ലാകളക്ടർമാർക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി. എത്രപേർ കള്ളവോട്ട് ചെയ്തു, അവരാരൊക്കെ, ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എത്തി വോട്ടർമാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയ വിഷയങ്ങളാണ് പരിശോധിക്കേണ്ടത്. അന്തിമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രകമ്മിഷന്റെ അനുമതിയോടെയാകും തുടർനടപടികൾ. ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയിൽ യഥാർഥ വോട്ടർ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളിലെയും പ്രശ്നസാധ്യതയുള്ള ബൂത്തുകളിലെയും നടപടികൾ വെബ്ക്യാമറ വഴിയും സി.സി.ടി.വി. വഴിയും റെക്കോഡ് ചെയ്യാൻ കെൽട്രോണിനെയാണ് ഏല്പിച്ചിരുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ ആവശ്യമായ ദൃശ്യങ്ങൾ പരിശോധിക്കും. ഓപ്പൺവോട്ട് ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓപ്പൺവോട്ട് സമ്പ്രദായം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. ശാരീരിക വൈകല്യവും മറ്റും നിമിത്തം മറ്റൊരാളെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്നത് കമ്പാനിയൻ വോട്ടിങ്ങാണ്. ഇതാണ് രാഷ്ട്രീയപ്പാർട്ടികൾ ഓപ്പൺ വോട്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത്. കമ്പാനിയൻ വോട്ടും പ്രോക്സി വോട്ടും ഓപ്പൺ (പരസ്യ) വോട്ടല്ല, രഹസ്യ വോട്ടാണ്. കമ്പാനിയൻ വോട്ടുചെയ്യുന്നവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർ തയ്യാറാക്കിവെക്കേണ്ടതുമുണ്ട്. content highlights:bogus voting-election commission


from mathrubhumi.latestnews.rssfeed http://bit.ly/2WbUOuV
via IFTTT