ദുബായ്: മലയാളിയും ഹിന്ദുമതവിശ്വാസിയുമായ അച്ഛനും മുസ്ലിം വിഭാഗത്തിൽപ്പെട്ട യു.എ.ഇ. സ്വദേശിയായ അമ്മയ്ക്കുമുണ്ടായ കുഞ്ഞിനു യു.എ.ഇ. സർക്കാർ ജനനസർട്ടിഫിക്കറ്റു നൽകി. സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ച് രാജ്യത്തെ വിവാഹനിയമം പ്രവാസികൾക്കുവേണ്ടി മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യു.എ.ഇ.യിൽ പ്രവാസികൾക്കുവേണ്ടിയുള്ള വിവാഹനിയമപ്രകാരം മുസ്ലിം പുരുഷന് ഇതരമതവിഭാഗത്തിൽപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാമെങ്കിലും മുസ്ലിം സ്ത്രീക്ക് മറ്റുമതവിഭാഗത്തിൽപ്പെട്ട പുരുഷനെ വിവാഹംചെയ്യാൻ സാധിക്കില്ല. മലയാളിയായ കിരൺ ബാബുവും സനംസാബൂ സിദ്ദിഖും 2016 മാർച്ചിൽ കേരളത്തിലാണ് വിവാഹിതരായത്. 2018 ജൂലായിൽ സനം അബുദാബിയിലെ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. തുടർന്ന് അസാധാരണ സാഹചര്യമുടലെടുക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടു ചെയ്തു. “എനിക്ക് അബുദാബി വിസയുണ്ട്. ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഭാര്യയെ പ്രസവസമയത്ത് ഇവിടത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ, കുഞ്ഞിന്റെ ജനനശേഷം ഞാൻ ഹിന്ദുവായതിനാൽ ജനനസർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് നിരാക്ഷേപപത്രത്തിനായി കോടതി മുഖേന അപേക്ഷ നൽകി. നാലുമാസം വിചാരണ നടന്നുവെങ്കിലും വിധി അനുകൂലമായില്ല മകൾക്ക് നിയമപരമായുള്ള രേഖകളൊന്നുമില്ലാത്തതിനാൽ പൊതുമാപ്പ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിഷുത്തലേന്ന് കുഞ്ഞിന് ജനനസർട്ടിഫിക്കറ്റ് കിട്ടി'' - കിരൺ ബാബു പറഞ്ഞു. 2019-നെ സഹിഷ്ണുതാ വർഷമായി യു.എ.ഇ. പ്രഖ്യാപിച്ചിരിക്കുകയാണ്. Content Highlights:UAE gives birth certificate to girl born to Hindu father and Muslim mother
from mathrubhumi.latestnews.rssfeed http://bit.ly/2LarvaQ
via
IFTTT