Breaking

Monday, April 29, 2019

അരുത്, താരതമ്യം ചെയ്ത് കുട്ടികളെ കുറ്റവാളികളാക്കരുത്

മലപ്പുറം: മറ്റ് കുട്ടികളുമായി താരതമ്യംചെയ്ത് സ്വന്തം കുട്ടികളെ കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക... ആ കുറ്റപ്പെടുത്തലുകൾ നിങ്ങളുടെ കുട്ടികളെ ചിലപ്പോൾ കൊലപാതകികളോ കുറ്റവാളികളോ ആക്കാം. മലപ്പുറം ജില്ലയിലെ എടപ്പാളിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം വിളിച്ചുപറയുന്നത് അതാണ്. ഓരോ കുട്ടികളുടെയും വിഭിന്ന വ്യക്തിത്വത്തെ ആദരിക്കാനും അംഗീകരിക്കാനും കഴിയണം. സ്വന്തം വീട്ടിലെയും അയൽപക്കത്തെയും സ്കൂളിലെയുമെല്ലാം മിടുക്കരായ കുട്ടികളെ ചൂണ്ടി 'അവരെപ്പോലെയാകണം, അവരെ കണ്ടു പഠിക്കണം' എന്നൊക്കെ നിർബന്ധിക്കുമ്പോൾ ഒരു കുട്ടിയുടെ മനസ്സിൽ നീറിപ്പുകയുന്ന അപകർഷബോധത്തെ നാം കാണുന്നില്ല. ഒരു ശരാശരി രക്ഷിതാവിന്റെ ഇത്തരം ചിന്തയുടെ രക്തസാക്ഷിയാണ് എടപ്പാളിലെ കുട്ടി. സംഭവം ഇങ്ങനെ: പതിനൊന്നുവയസ്സുള്ള വിദ്യാർഥിനി തിങ്കളാഴ്ച അമ്മയുടെ വീട്ടിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിക്കുന്നു. കുട്ടിയുടെ കഴുത്തിൽ പാടുകണ്ട അച്ഛൻ പോലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിനും ചോദ്യംചെയ്യലിനുംശേഷം പോലീസ് ഉത്തരവാദിയെ കണ്ടെത്തി -മരിച്ച വിദ്യാർഥിനിയുടെ മാതൃസഹോദരീപുത്രി. വയസ്സ്: 14. അവധിക്ക് അമ്മവീട്ടിൽ വിരുന്നുവന്നതായിരുന്നു ഇരുവരും. കാരണം: പഠനത്തിൽ മികവുപുലർത്തിയ പതിനൊന്നുകാരിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്ന് പറഞ്ഞും വീട്ടുകാർ പതിന്നാലുകാരിയെ സമ്മർദത്തിലാക്കിയിരുന്നു. അടുത്തിടെ പതിനൊന്നുകാരിക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചപ്പോൾ അഭിനന്ദിച്ച് െഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നിരന്തരമായുണ്ടായ ഇത്തരം അനുഭവങ്ങൾ പതിന്നാലുകാരിയുടെ മനം മടുപ്പിച്ചു. ഇതാണ് പതിനൊന്നുകാരിയെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചത്. ഓരോ കുട്ടിയും ഓരോ വ്യക്തി കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരസ്പരം അംഗീകരിപ്പിക്കുകയും അഭിനന്ദിപ്പിക്കുകയും ചെയ്യാനാവണം രക്ഷിതാക്കൾ ശ്രമിക്കേണ്ടത്. പഠിപ്പിൽ കഴിവുകുറഞ്ഞ കുട്ടിക്ക് ചിലപ്പോൾ മറ്റു പലതിലും കഴിവുണ്ടാകും. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അതിലൂടെ അവരെ ആത്മവിശ്വാസമുള്ളവരാക്കാനും ശ്രമിക്കണം. ഒന്നാം സ്ഥാനത്തെത്താനുള്ള രക്ഷിതാക്കളുടെ മത്സരത്തിന്റെ ഇരകളാക്കി കുട്ടികളെ മാറ്റരുത്. -ധന്യ ആബിദ്, ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആൻഡ് കൗൺസലേഴ്സ് സംസ്ഥാന ജന. സെക്രട്ടറി സമൂഹം തന്നെയാണ് കുറ്റക്കാർ ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും മറ്റുമടങ്ങുന്ന സമൂഹം തന്നെയാണ് കുറ്റക്കാർ. കുട്ടികളെ നമ്മൾ മത്സരിപ്പിക്കാൻ വേണ്ടി വളർത്തുകയാണ്. കൂടെയുള്ളവരുടെ മുന്നിലെത്തിയില്ലെങ്കിൽ കൊള്ളരുതാത്തവരാണെന്ന് തോന്നിപ്പിച്ച് വളർത്തുന്നു. അപ്പോഴാണ് തന്നെക്കാൾ മികച്ചവൻ ഇല്ലാതായാൽ താൻതന്നെ പിന്നെ കേമൻ എന്ന മാനസികാവസ്ഥ കുട്ടികളിൽ ഉണ്ടാവുന്നത്. -പി.എൻ. സന്ദീപ്, ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയന്റിസ്റ്റ്, അസി. പ്രൊഫസർ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് കുട്ടികൾക്കും അഭിമാനമുണ്ട് നമ്മുടെ അഭിമാനം കാക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ കുട്ടികൾക്കും അഭിമാനമുണ്ടെന്ന് നമ്മൾ മറന്നുപോവുന്നതാണ് പ്രധാനപ്രശ്നം. കുട്ടികളുടെ സ്വതന്ത്രവ്യക്തിത്വത്തെ അംഗീകരിക്കാൻ നമ്മൾ തയ്യാറല്ല. അവരെ മറ്റുള്ളവരുടെ മുന്നിൽവെച്ച് ഗുണദോഷിക്കരുത്. മുതിർന്നവരോട് ഇക്കാര്യത്തിൽ കാണിക്കുന്ന മര്യാദ കുട്ടികളോട് കാണിക്കാൻ നമ്മൾ തയ്യാറല്ല. 'സിബ്ലിങ്സ് റൈവൽറി'യുടെ പ്രശ്നങ്ങൾ പലതും ചൈൽഡ്ലൈനിന്റെ മുന്നിൽ വന്നിട്ടുണ്ട്. മുതിർന്നവർക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാവില്ല. -സി.പി.സലീം, ജില്ലാ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ content highlights:Stop Comparing Your Child with Others


from mathrubhumi.latestnews.rssfeed http://bit.ly/2WdNvD0
via IFTTT