മാലി: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി ഈ അപൂർവമായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 49-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്. പ്രീതം കോട്ടാൽ നൽകിയ ക്രോസിൽ കൃത്യമായി തലവെച്ച് ഛേത്രി മനോഹരമായ ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. ഛേത്രിയുടെ ഹെഡ്ഡർ നോക്കി നിൽക്കാനേ നേപ്പാൾ ഗോൾകീപ്പർ ചെംസോങിന് സാധിച്ചുള്ളൂ. ഛേത്രി സാഫ് കപ്പിൽ നേടുന്ന അഞ്ചാം ഗോളാണിത്. ഇതോടെ താരത്തിന്റെ ആകെ ഗോൾ നേട്ടം 80 ആയി ഉയർന്നു. 125 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയത്. മെസ്സി 156 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി മെസ്സിയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി. മത്സരങ്ങളുടെ കണക്കെടുക്കുമ്പോൾ ഛേത്രി പട്ടികയിൽ മെസ്സിയേക്കാൾ മുന്നിലാണ്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമത്. ഒപ്പം മറ്റൊരു റെക്കോഡും ഛേത്രി സ്വന്തം പേരിൽ എഴുതിച്ചേർത്തു. നിലവിൽ ഫുട്ബോൾ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി രണ്ടാം സ്ഥാനത്തെത്തി. റൊണാൾഡോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്. ഛേത്രിയ്ക്കും മെസ്സിയ്ക്കും 80 ഗോളുകൾ വീതമാണെങ്കിലും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയതോടെ മെസ്സിയേക്കാൾ മുൻതൂക്കം ഇന്ത്യൻ നായകന് ലഭിക്കും. റൊണാൾഡോയുടെ അക്കൗണ്ടിൽ 115 ഗോളുകളാണുള്ളത്. സാഫ് കപ്പ് ഫുട്ബോൾ തുടങ്ങുന്ന സമയത്ത് ഛേത്രി പെലെയുടെ ഗോൾനേട്ടത്തേക്കാൾ പിറകിലായിരുന്നു. എന്നാൽ ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തോടെ ഛേത്രി പെലെയെ മറികടന്ന് മെസ്സിയ്ക്ക് ഒപ്പമെത്തി. Content Highlights: Sunil Chhetri equals record of Messi after scoring his 80th goal
from mathrubhumi.latestnews.rssfeed https://ift.tt/3vixqOE
via
IFTTT