മഞ്ചേരി: കാടാമ്പുഴയിൽ പൂർണഗർഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തവും 15 വർഷം അധിക തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി അഡീഷണൽ സെഷൻസ് ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. പൂർണഗർഭിണിയായ ഉമ്മുസൽമയെയും മകൻ ദിൽഷാദിനെയും കൊന്നതിന് ഇരട്ടജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഗർഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് പത്തു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പുറമെ ഉമ്മുസൽമയും കുട്ടിയും താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ഉണ്ട്. ഗർഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനുള്ള പത്തു വർഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണം. കേസിൽ ഷരീഫ് കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ ചുമത്തിയ കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളെല്ലാം തെളിഞ്ഞു. 2017-ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഉമ്മുസൽമയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായി. ഉമ്മുസൽമ ഗർഭിണിയായതോടെ ഷരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധംപിടിച്ചു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ വീട്ടിൽ അതിക്രമിച്ചുകയറി ഉമ്മുസൽമയെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു. ദിവസങ്ങൾക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഉമ്മുസൽമയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ വളാഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യതെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്. പ്രതി പാലക്കാട് ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു പാലക്കാട്: ?പാലക്കാട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതി മുഹമ്മദ് ഷെരീഫ് വിധിദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലമ്പുഴയിലെ ജയിലിൽ ബുധനാഴ്ച രാവിലെ കൈത്തണ്ടമുറിച്ചാണ് ആത്മഹത്യാശ്രമം ഉണ്ടായത്. അടിയന്തര ചികിത്സയ്ക്കുശേഷം പ്രതിയെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇയാൾ ആറുമാസമായി മലമ്പുഴ ജില്ലാജയിലിൽ തടവിലായിരുന്നു. മഞ്ചേരി കോടതിയിൽ ബുധനാഴ്ച കേസിലെ വിധിപറയുന്ന ദിവസമായിരുന്നു. കോടതിയിൽ പോവാൻ തയ്യാറാകുന്നതിനിടെയാണ് ലോക്കപ്പിൽ ആത്മഹത്യാശ്രമം നടത്തിയത്. ഉടൻതന്നെ ജയിൽ അധികൃതർ ഷെരീഫിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഞരമ്പ് മുറിയാതിരുന്നതിനാൽ കാര്യമായ രക്തസ്രാവം ഉണ്ടായിരുന്നില്ല. മുറിവ് വെച്ചുകെട്ടി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധനെയും കാണിച്ചതിനുശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. രാവിലെ ജയിലിലെ അടുക്കളയിലെ ജോലിക്കിടെയായിരിക്കും കൈമുറിക്കുന്നതിനായി കത്തി എടുത്തതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഇതിനുമുമ്പും ഇയാൾ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3oDLpgE
via
IFTTT