Breaking

Thursday, October 7, 2021

കേരളത്തിനകത്തെ ഏറ്റവും ദൂരമോടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്; സഞ്ചരിക്കുന്നത് 1247 കിലോമീറ്റര്‍

മുള്ളേരിയ: ഉക്കിനടുക്ക മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട സൂപ്പർ ഫാസ്റ്റ് കേരള ആർ.ടി.സി. ബസിന്റെ ഗ്ലാസ് ജീവനക്കാർ വൃത്തിയാക്കി. ഉച്ചയ്ക്ക് ഒരുമണി. കേരളത്തിനകത്ത് ഏറ്റവും ദൂരം ഓടുന്ന സൂപ്പർ ഫാസ്റ്റ് ബസ് അതിന്റെ ഓട്ടത്തിന് തയ്യാറെടുക്കുകയാണ്. 1247 കിലോമീറ്ററാണ് പെർള-കുമളി-പെർള കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ഒരു യാത്ര പൂർത്തിയാക്കാൻ ഓടുന്നത്. 1.25-ന് പെർള ടൗണിലേക്ക് ബസെത്തി. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ചെറിയ ടൗണിലെ വീതിയേറിയ റോഡരികിൽ രാജകീയഭാവത്തോടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി തലയുയർത്തിനിന്നു. കോതമംഗലത്ത് ജോലിയുള്ള കണ്ണൂരുകാരനായ അഷ്റഫാണ് അദ്യം ബസിൽ കയറിയത്. പെർളയിലുള്ള ഭാര്യവീട്ടിൽ വന്ന് തിരിച്ചുപോകുകയാണ്. ബസ് ഓട്ടംതുടങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും അടുത്തിടെ കോതംമഗലം ബസ്സ്റ്റാൻഡിൽ നിൽക്കവെയാണ് പെർള ബോർഡ് വെച്ച കെ.എസ്.ആർ.ടി.സി. ബസ് അഷ്റഫ് കാണുന്നത്. ഈ പെർള തന്നെയാണോ എന്ന് ആദ്യം സംശയം തോന്നി. ബസിലെ ബോർഡിലെ ബാക്കി സ്ഥലനാമങ്ങൾകൂടി നോക്കി ഉറപ്പിച്ചു. ഇത് ഭാര്യയുടെ നാട്ടിലേക്ക് തന്നെ. ഒരു മാസത്തിനിടയിൽ രണ്ടുപ്രാവശ്യം വന്നു. വരാൻ എളുപ്പമാണ് രാത്രി കയറിയാൽ പുലർച്ചെ വീട്ടിലെത്താം. ഭാര്യയ്ക്കും സന്തോഷം- അഷ്റഫ് പറഞ്ഞു. ഉദ്ഘാടനം എം.എം. മണി കർണാടക അതിർത്തിയിൽനിന്ന് തമിഴ്നാട് അതിർത്തിയായ കുമളിയിലേക്ക് ഒരു ബസ്. കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ജൂലായ് 15-ന് തുടങ്ങിയ സർവീസ് മുൻമന്ത്രി എം.എം. മണിയാണ് ഉദ്ഘാടനം ചെയ്തത്. കുമളിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ബസ്സ്റ്റാൻഡിലേക്ക് കർണാടക അതിർത്തിയിൽനിന്ന് നാലുകിലോമീറ്റർ ഇപ്പുറമുള്ള പെർള ടൗണിൽനിന്ന് ഉച്ചയ്ക്ക് 1.31-ന് ബസ് പുറപ്പെട്ടു. അതിനിടെ ആനവണ്ടിയുടെ ആരാധകരായ രണ്ടുപേർ ബസിൽ കയറി. സുഹൃത്തുക്കളായ ഇരിയണ്ണിയിലെ ശ്രീധരനും മുളിയാർ പാത്തനടുക്കയിലെ പ്രശാന്തും. ബസ് തുടങ്ങിയത് മുതലുള്ള ആഗ്രഹമാണ്. കുമളിവരെ ഒരു യാത്ര. കോവിഡ് ആയതിനാൽ നീണ്ടുപോയതാണ്. അടച്ചിട്ട ശൗചാലയങ്ങൾ ഉച്ചയ്ക്കേ കയറിയിരുന്ന യാത്രക്കാരും ജീവനക്കാരും ബസ് കണ്ണൂർ സ്റ്റാൻഡിലെത്തിയപ്പോൾ ശൗചാലയം ലക്ഷ്യമാക്കി നടന്നു. താഴിട്ട് ഭദ്രമായി പൂട്ടിയിട്ടിരിക്കുന്നു. ദീർഘദൂര ബസുകളടക്കം വരുന്ന ബസ്സ്റ്റാൻഡിലെ ശൗചാലയം തുറക്കാത്തത് പലർക്കും ബുദ്ധമുട്ടായി. ചിലർ എവിടെയൊക്കെ പോയി കാര്യം സാധിച്ച് തിരിച്ചുവന്നു. ചിലർ സഹിച്ചുപിടിച്ച് വീണ്ടും ബസിലേക്ക്. തലശ്ശേരിയിൽനിന്ന് ഫുൾ ടാങ്ക് ഡീസലും നിറച്ച് യാത്ര തുടർന്നു. രാത്രി 10-ഓടെയാണ് കോഴിക്കോട്ടെത്തിയത്. പുലർച്ചെ രണ്ടോടെ തൃശ്ശൂരിലും. രണ്ട് ജീവനക്കാർ മാറിമാറിയാണ് ബസ് ഓടിക്കുന്നത്. നേരം പുലരുംമുൻപ് ഇടുക്കി ജില്ലയുടെ അതിർത്തി കടന്നു. കോതംമംഗലവും ചെറുതോണിയും കട്ടപ്പനയും കഴിഞ്ഞതോടെ ആളുകളുടെ എണ്ണം കുറഞ്ഞു. രാവിലെ 7.30-ഓടെ വണ്ടി കുമളിയിലെത്തി. സംസ്ഥാനത്തിന് അകത്തെ നീണ്ട ബസ് സർവീസ് നിലവിൽ സംസ്ഥാനത്തിനകത്ത് കെ.എസ്.ആർ.ടി.സി.യുടെ തന്നെ ഏറ്റവും ദൈർഘ്യമുള്ള സൂപ്പർഫാസ്റ്റ് ബസ് സർവീസാകും പെർള-കുമളി. 623.5 കിലോമീറ്ററാണ് 18 മണിക്കൂർകൊണ്ട് യാത്ര ചെയ്യുന്നത്. കാസർകോട്-നെടുകണ്ടം 580 കിലോമീറ്ററും മാനന്തവാടി-തിരുവനന്തപുരം 560 കിലോമീറ്ററും ഓടുന്ന സൂപ്പർഫാസ്റ്റ് ബസുകളുണ്ട്. കാസർകോട്-തിരുവന്തപുരം മിന്നൽ ബസ് പോലും 560-ഓളം കിലോമീറ്ററാണ് താണ്ടുന്നത്. പലതും നിലവിൽ ഓടുന്നുമില്ല. യാത്രക്കാർക്ക് സമ്മാനപദ്ധതി ബസിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ സമ്മാനപദ്ധതിയുമുണ്ട്. 350 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തവരുടെ മൊബൈൽനമ്പർ നറുക്കിട്ട് സമ്മാനം നൽകുന്നതാണ് പദ്ധതി. ആഴ്ചതോറും മൂന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന രണ്ട് ജീവനക്കാർക്ക് പ്രോത്സാഹനസമ്മാനവും നൽകുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3Fz1LgK
via IFTTT