Breaking

Sunday, October 10, 2021

ഉയിർത്തെഴുന്നേൽക്കാൻ അമ്മയുടെ മൃതദേഹത്തിനുമുന്നിൽ പ്രാർഥനയുമായി പെൺമക്കൾ

ചെന്നൈ: ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹത്തിനരികെ രണ്ടുദിവസം പ്രാർഥനയുമായി പെൺമക്കൾ. മക്കളെ പറഞ്ഞുമനസ്സിലാക്കി പിന്നീട് മൃതദേഹം സംസ്കരിച്ചു. തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. പ്രദേശവാസിയായ മേരി (75) അസുഖത്തെത്തുടർന്ന് മരിച്ചു. എന്നാൽ, അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടിൽ പ്രാർഥനയുമായി കഴിയുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. വീട്‌ സന്ദർശിക്കാനെത്തിയ ബന്ധുവാണ് മക്കൾ മൃതദേഹം അടക്കംചെയ്യാതെ പ്രാർഥിച്ചിരിക്കുന്നത് പുറത്തറിയിച്ചത്. നാട്ടുകാർ പോലീസിന് വിവരം കൈമാറി. പോലീസിനെ വീട്ടിലേക്ക് പ്രവേശിക്കാൻ ജസീന്തയും ജയന്തിയും സമ്മതിച്ചില്ല. അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടിൽവെച്ച് ചികിത്സ നൽകുകയാണെന്നും ഇവർ അറിയിച്ചു. പോലീസ് അമ്മയെ കൊല്ലാൻ നോക്കുകയാണെന്നും ആരോപിച്ചു. തുടർന്ന് പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി. ആരോഗ്യപ്രവർത്തകർ മേരിയെ പരിശോധിച്ചതിൽ ജീവനില്ലെന്ന് മനസ്സിലായി. വിദഗ്ധചികിത്സ നൽകാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച് മൃതദേഹം ആംബുലൻസിൽ മണപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടറും മരണം ഉറപ്പാക്കി. ഇത് അംഗീകരിക്കാൻ പെൺമക്കൾ തയ്യാറായില്ല. കനത്തമഴയിൽ നാലുമണിക്കൂറോളം മക്കളുമായി വാദിച്ചാണ് മൃതദേഹം പോലീസിന് മോർച്ചറിയിലേക്ക് മാറ്റാനായത്. മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കൾ ചില ആശുപത്രികളിൽ പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കൾ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ പ്രാർഥന നടത്തുകയായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3Dqvarl
via IFTTT