Breaking

Sunday, October 10, 2021

യോഗിയുടെ പരിഹാസം: മറുപടിയായി വീണ്ടും ചൂലെടുത്ത് പ്രിയങ്ക

ലഖ്നൗ: ലഖിംപുർ ഖേരിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ കഴിയവേ സീതാപുരിലെ ഗസ്റ്റ് ഹൗസ് മുറി വൃത്തിയാക്കിയതിനു തന്നെ പരിഹസിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി വീണ്ടും ചൂലെടുത്തു. ഉത്തർപ്രദേശിലെ ഇന്ദിരാ നഗറിൽ ദളിത് കോളനിയായ ലവ്കുഷ് നഗർ സന്ദർശിച്ച പ്രിയങ്ക, നാട്ടുകാർക്കൊപ്പം ചേർന്ന് വാൽമീകി ക്ഷേത്രപരിസരം വൃത്തിയാക്കി.വെള്ളിയാഴ്ച, ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കയുടെ പ്രവൃത്തിയെ പരിഹസിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഇത്തരം ജോലികൾ ചെയ്യാനുള്ള കഴിവ് അവർക്ക് ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നായിരുന്നു യോഗിയുടെ പരിഹാസം. കോളനിയിലെത്തിയ പ്രിയങ്ക ഇത് ലാളിത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞാണ് വൃത്തിയാക്കൽ ആരംഭിച്ചത്. ‘രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളും ശുചീകരണത്തൊഴിലാളികളും ദിവസവും വൃത്തിയാക്കാൻ ചൂലുകൾ ഉപയോഗിക്കുന്നു. ആദിത്യനാഥിന്റെ പരാമർശം എന്നെ മാത്രമല്ല ദളിത്, ശുചീകരണത്തൊഴിലാളികൾക്കുകൂടിയാണ് അപമാനമുണ്ടാക്കിയത്. ചൂലുകൊണ്ട് വൃത്തിയാക്കുന്നതും അത് ഉപയോഗിക്കുന്നതും ആത്മാഭിമാനത്തിന്റെ പ്രവൃത്തിയാണെന്ന് യോഗിജിയെ അറിയിക്കണം.’ -പ്രിയങ്ക പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3auzDwF
via IFTTT