തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടർഭരണമെന്ന എൽ.ഡി.എഫ്. സ്വപ്നത്തിന് മേൽക്കൈ. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ 90-ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താൻ എൽ.ഡി.എഫിനായി. സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും ഇടയിൽ സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. ഇതിനപ്പുറത്തേക്കുള്ള ഒരു ലീഡ് കൊണ്ടുവരാൻ യു.ഡി.എഫിന് ഇതുവരെ ആയിട്ടില്ല. അതേസമയം രണ്ടു സീറ്റുകളിൽ എൻ.ഡി.എ. മുന്നേറുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. നേമത്ത് കുമ്മനം രാജശേഖനും പാലക്കാട്ട് മെട്രോമാൻ ഇ. ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ഒരു ഘട്ടത്തിൽ സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എംഎം. മണി, കെ.കെ. ശൈലജ, കെ. കൃഷ്ണൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ മുന്നിലാണ്. അതേസമയം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവർ പിന്നിലാണ്. ജോസ് കെ. മാണി മത്സരിക്കുന്ന പാലായിലും എം.ബി. രാജേഷും വി.ടി. ബൽറാമും നേർക്കുനേർ വരുന്ന തൃത്താലയിലും കനത്ത മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ്. നേതാക്കളായ ഉമ്മൻചാണ്ടി ,പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മുന്നേറുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3vBkeTX
via
IFTTT