തിരുവനന്തപുരം: വാക്സിൻ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേൽ പ്രായമായവർക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വൈകും. കമ്പനികളിൽനിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും വാക്സിൻ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികൾ മറുപടി നൽകാത്ത സാഹചര്യത്തിലാണ് വാക്സിനേഷൻ വൈകുന്നത്. ബുധനാഴ്ച വൈകുന്നേരം മുതൽ, 18-നു മുകളിൽ പ്രായമായവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ശനിയാഴ്ചമുതൽ വാക്സിൻ നൽകാനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, വാക്സിൻ ലഭ്യതയ്ക്കനുസരിച്ചേ ഇതിൽ നടപടി സ്വീകരിക്കാനാവൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണം കൊടുത്ത് വാങ്ങാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം നിശ്ചയിക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അടിയന്തരമായി 75 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തുനൽകി. 50 ലക്ഷം ഡോസ് കോവിഷീൽഡും 25 ലക്ഷം കോവാക്സിനുമാണ് ആവശ്യപ്പെട്ടത്. വാക്സിൻ ലഭ്യമല്ലാത്തതിനാൽ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 45-നുമേൽ പ്രായമായവർക്കുള്ള വാക്സിൻ വ്യാഴാഴ്ച 2,73,920 ഡോസ് മാത്രമാണ് അവശേഷിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ ഒന്നേകാൽ ലക്ഷത്തോളം ഡോസ് വാക്സിൻ എല്ലാ ജില്ലകളിലുമായി നൽകി. കേന്ദ്രത്തിൽനിന്ന് 45-നുമേൽ പ്രായമായവർക്ക് സൗജന്യ വിതരണത്തിനായി ലഭിച്ചതായതിനാൽ പുതിയ വാക്സിൻ നയമനുസരിച്ച് ഇത് 18-നുമേൽ പ്രായമായവർക്ക് ഉപയോഗിക്കാനാവില്ല. Content Highlights: Covid 19, Vaccine, lockdown
from mathrubhumi.latestnews.rssfeed https://ift.tt/3ubomK1
via
IFTTT