കൊല്ലം : കേരള കോൺഗ്രസ് (ബി) മുൻ നേതാവ് ശരണ്യ മനോജ് സോളാർ വിവാദത്തിൽ നടത്തിയ വെളിപ്പെടുത്തലോടെ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ യു.ഡി.എഫ്. പ്രവേശനം അടഞ്ഞ അധ്യായമായി. കേരള കോൺഗ്രസി(ബി)നെ യു.ഡി.എഫിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിലെ ഒരുവിഭാഗം തീവ്രശ്രമത്തിലായിരുന്നു. വാർത്ത നിഷേധിച്ചെങ്കിലും ഗണേഷ്‌കുമാറിന്റെ അരസമ്മതം ഈ നീക്കത്തിനുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ഈ നീക്കം പ്രാദേശിക എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ആറുമാസത്തിനിടെ ഒന്നിലേറെത്തവണ കോൺഗ്രസ്, കേരള കോൺഗ്രസ് ചർച്ചകൾ നടന്നതായാണ് വിവരം.മനോജിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഇനി ആ വഴിക്കുള്ള ചർച്ചകൾപോലും നടക്കില്ല. കോൺഗ്രസിൽനിന്ന് മാത്രമല്ല ഘടകകക്ഷികളിൽനിന്നുപോലും എതിർപ്പുവരുകയും ചെയ്യും. ആർ.എസ്.പി. നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ കഴിഞ്ഞദിവസം ഗണേഷ്‌കുമാറിനെതിരേ രംഗത്തുവരുകയും ചെയ്തു.മനോജിൻറെ വെളിപ്പെടുത്തൽ യാദൃച്ഛികമായുണ്ടായതല്ലെന്നും പിന്നിൽ എ ഗ്രൂപ്പ് നേതൃത്വമാണെന്നും സംശയിക്കുന്നവരുണ്ട്. അടുത്തിടെ എ ഗ്രൂപ്പിൽ തിരികെയെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി.യുമായി അടുപ്പമുള്ളയാളാണ് ഇപ്പോൾ കോൺഗ്രസിലുള്ള ശരണ്യ മനോജ്. ഗണേഷ്‌കുമാറിന്റെ യു.ഡി.എഫ്. പ്രവേശനത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ എതിർപ്പുയർത്തിയിരുന്നു. പുതിയ വിവാദത്തിൽ അവരെല്ലാം സന്തുഷ്ടരാണ്.ഇടതുമുന്നണിയിലെത്തി ഗണേഷ്‌കുമാർ എം.എൽ.എ.യായെങ്കിലും മന്ത്രിസ്ഥാനം നൽകാത്തതിൽ കേരള കോൺഗ്രസി(ബി)ന് അമർഷമുണ്ടായിരുന്നു. നേരത്തെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വിവാദത്തിൽപ്പെട്ട് രാജിവെച്ചപ്പോൾ എൻ.സി.പി.യിൽ ലയിക്കാനും മന്ത്രിപദം നേടാനും കേരള കോൺഗ്രസ് (ബി) ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണ് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന വികാരം പാർട്ടിയിലുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/36n4lGU
via
IFTTT