കൊല്ലം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. എം.പിമാർ സ്ഥാനം രാജിവെച്ച് എം.എൽ.എമാരായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എം.പിമാർ എന്നും അദ്ദേഹം പറഞ്ഞു. എം.പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോൺഗ്രസിൽ ശക്തമാണ്. ഈ അസത്യ പ്രചാരണം പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. താൻ ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഒരു എം.പിയും നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ല. പാർട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങൾക്കിടയിൽ അല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഞങ്ങൾക്ക് അപഖ്യാതി ഉണ്ടാക്കുന്നു. അല്ലെങ്കിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നിർഭാഗ്യവശാൽ ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയിൽ താൻ നിർദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാർട്ടി നേതൃത്വത്തിനും ഹൈക്കമാൻഡിനും പരാതി നൽകിയിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർക്ക് ഈ ഭാരവാഹി പട്ടികയിൽ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതി താൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്തു തുടരുമെന്നും അദ്ദേഹം പറഞ്ഞു. content highlights:kodikkunnil suresh rules out reports suggesting some mps want to contest in state election
from mathrubhumi.latestnews.rssfeed https://ift.tt/34g4uJR
via
IFTTT