നിവാസ് കിളിമാനൂർ: സംസ്ഥാന പാതയിൽ കാരേറ്റ് ജങ്ഷന് സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാളും മരിച്ചു. വെഞ്ഞാറമൂട് നാഗരുകുഴി നിവാസ് മൻസിലിൽ റഷീദിന്റെ മകൻ നിവാസ് (34) ആണ് ചികിത്സയിലിരിക്കേ ബുധനാഴ്ച മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാല് പേർ അപകടസ്ഥലത്തും ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുമായി മരിച്ചിരുന്നു. കടയ്ക്കൽ മതിര കിഴുനില എൻ.ബി.എച്ച്.എസ്.മൻസിലിൽ പീരു മുഹമ്മദിന്റെ മകൻ നവാസ് (സുൽഫി - 38), വെഞ്ഞാറമൂട് പാലാംകോണം നാഗരുകുഴി മുല്ലമംഗലത്ത് പുത്തൻവീട്ടിൽ ലത്തീഫ് -നബീസാബീവി ദമ്പതിമാരുടെ മകൻ ഷെമീർ (31), തിരുവനന്തപുരം പൂജപ്പുര അൻവർ ഗാർഡൻസിൽ ക്വാർട്ടേഴ്സ് ഹൗസ് നമ്പർ 80-ൽ ടി. ലാൽ, തിരുവനന്തപുരം മുട്ടട വയലിക്കട ഗ്രീൻവാലി ഗാർഡൻ ഹൗസ് 66- ൽ എം. നജീബുദ്ദീൻ (36) എന്നിവരാണ് നേരത്തെ മരിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന സുഹൃദ് സംഘം ബിസിനസ് ആവശ്യത്തിന് കൊട്ടാരക്കരയിലേക്കും അവിടെനിന്ന് നവാസിന്റെ മതിരയിലെ കുടുംബവീട്ടിലും പോയശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. അമിതവേഗതയിലായിരുന്ന കാർ റോഡിന്റെ വലതുവശത്തുള്ള കലുങ്കിൽ ഇടിച്ച് ഉയർന്നു പൊങ്ങിയതായി സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അപകടസമയം വാഹനത്തിന് 140 കിലോമീറ്ററിൽ ഏറെ വേഗമുണ്ടായിരുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടത് ഭാഗത്തേയ്ക്ക് പാളിയ കാർ നിയന്ത്രിക്കാനായി വലതുഭാഗത്തേയ്ക്ക് വെട്ടിയൊഴിക്കുകയും ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാൻ ശ്രമിച്ചതായും അപകടസ്ഥലത്തെ പരിശോധനയ്ക്ക് ശേഷം അധികൃതർ വ്യക്തമാക്കുന്നു. മരിച്ചവരിൽ നവാസും ഷെമീറും അടുത്ത ബന്ധുക്കളാണ്. ഷെമീറിന്റെ അയൽവാസിയാണ് മരിച്ച നിവാസ്. അപകടസ്ഥലത്ത് മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ കോവിഡ്, മൃതദേഹപരിശോധനകൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. മൂന്നു പേരുടെ കബറടക്കം കിഴുനില, മാണിക്കൽ, ചുള്ളിമാനൂർ വഞ്ചുവം മുസ്ലിം ജമാഅത്ത് കബർസ്ഥാനുകളിൽ നടന്നു. ലാലിന്റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിലും നടന്നു. നിവാസിന്റെ മൃതദേഹം പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അൽഫിയയാണ് നിവാസിന്റെ ഭാര്യ. മകൻ: ഖാലിദ്
from mathrubhumi.latestnews.rssfeed https://ift.tt/2HI8L1b
via
IFTTT