കൊച്ചി : സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ചുമതലയേറ്റശേഷം നടന്ന പുനഃസംഘടനയിൽ വെട്ടിനിരത്തപ്പെട്ട മുതിർന്ന ബി.ജെ.പി. നേതാക്കൾ പടപ്പുറപ്പാടിനൊരുങ്ങുന്നു. മുരളീധര വിഭാഗത്തിനെതിരേയാണ് ഇവരുടെ പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി കോർ-കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. അധ്യക്ഷസ്ഥാനത്തേക്ക് കെ. സുരേന്ദ്രന് ഭീഷണിയായിരുന്ന ശോഭയെ കോർ കമ്മിറ്റിയിൽനിന്ന് മാറ്റിനിർത്തിയത് ബി.ജെ.പി.യിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്ന അവർ അവഗണനക്കെതിരേ ശക്തമായി പ്രതികരിക്കാൻ മുന്നോട്ടുവരുകയാണ്. ഗ്രൂപ്പില്ലെന്ന കാരണത്താൽ വെട്ടിനിരത്തപ്പെട്ടവരെ ഒന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പി.എം. വേലായുധൻ, കെ.പി. ശ്രീശൻ, ജെ.ആർ. പത്മകുമാർ, എ.കെ. നസീർ, ബാഹുലേയൻ തുടങ്ങി പല മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. വടക്കൻമേഖലയിൽ കെ.പി. ശ്രീശനും മധ്യമേഖലയിൽ പി.എം. വേലായുധനും തെക്കൻമേഖലയിൽ ജെ.ആർ. പത്മകുമാറും ബാഹുലേയനും പാർട്ടിയിലെ അസംതൃപ്തരുടെ മുന്നേറ്റത്തിന് നേതൃത്വംനൽകും. ജെ.ആർ. പത്മകുമാർ സംസ്ഥാന ട്രഷററാണെങ്കിലും ആ സ്ഥാനത്ത് തളച്ചിട്ടിരിക്കുകയാണെന്ന പ്രചാരണമാണുള്ളത്. ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റികളിൽ മുൻ അധ്യക്ഷന്മാരെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ജില്ലാ അധ്യക്ഷന്മാരെ അത്തരത്തിൽ സമിതികളിൽ ഉൾപ്പെടുത്താറില്ല. ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നവർ പലപ്പോഴും പൊതുരംഗത്തുനിന്നുതന്നെ ഒഴിവാക്കപ്പെടാറാണ് പതിവ്. എല്ലാ മുൻ ജില്ലാ പ്രസിഡന്റുമാരെയും മുൻനിരയിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമം. രാജിവെച്ചുപോയ വനിതാ നേതാക്കളുടെ പട്ടികയും അസംതൃപ്തർ എടുക്കുന്നുണ്ട്. എന്തുകൊണ്ട് ഇവർ പാർട്ടിവിട്ടുപോയെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3jjHPmv
via
IFTTT