Breaking

Thursday, October 1, 2020

ദേ പോണൂ... ലംബോർഗിനി; അഞ്ചുവയസ്സുകാരൻ പറയും 340 ഇനം കാറുകളുടെ പേരും ബ്രാൻഡും

മലപ്പുറം: ‘അച്ഛാ ദേ പോണൂ ലംബോർഗിനി...’, അഞ്ചുവയസ്സുകാരൻ സി.എസ്. ദീക്ഷിത് റോഡിലൂടെ പോകുന്ന ലംബോർഗിനി കാണിച്ചുകൊടുക്കുമ്പോഴാണ് ഡ്രൈവിങ് സീറ്റിലുള്ള അച്ഛൻ ശ്രീജിത്ത് കാർ കാണുക. അതാണ് കാറുമായുള്ള ദീക്ഷിത്തിന്റെ ബന്ധം. അഞ്ചുവയസ്സിനുള്ളിൽ 340 കാറുകളുടെ പേരും അതിന്റെ ബ്രാൻഡും പറയാൻ സാധിക്കും ഈ മിടുക്കന്.രണ്ടുവയസ്സുമുതൽ തുടങ്ങിയ കമ്പം എത്തിനിൽക്കുന്നത് മൂന്ന് റെക്കോഡുകളിലാണ്. എട്ടുമിനിറ്റ് 20 സെക്കൻഡിൽ 164 കാറുകളുടെ പേരും ബ്രാൻഡും പറഞ്ഞാണ് ആദ്യ റെക്കോഡായ ’വേൾഡ് റെക്കോഡ്‌സ്’ നേടുന്നത്. രണ്ടാമത്തേത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ആണ്. നാലരവയസ്സിൽ ഒൻപതുമിനിറ്റ് 17 സെക്കൻഡിൽ 209 കാറുകളും ബ്രാൻഡും പറഞ്ഞായിരുന്നു നേട്ടം. ഈ റെക്കോഡ്‌ നേടി രണ്ടുമാസം കഴിഞ്ഞപ്പോൾ 275 കാറുകളും ബ്രാൻഡും പറഞ്ഞ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സും പട്ടികയിലെത്തിച്ചു. ഗിന്നസ് വേൾഡ് റെക്കോഡ്‌ സ്വന്തമാക്കുകയാണ് അടുത്ത ലക്ഷ്യം.കമ്പനി നിർത്തിപ്പോയ അംബാസിഡർ മുതൽ അടുത്തിടെ ഇന്ത്യൻ നിരത്തിലിറങ്ങിയ പുത്തൻ കാറുകളുടെ ചിത്രംവരെ തിരിച്ചറിയാൻ ദീക്ഷിതിന് കഴിയും.അച്ഛൻ ഒലിപ്രംകടവ് സ്വദേശി സി.കെ. ശ്രീജിത്ത് കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരനാണ്. അമ്മ കെ. അശ്വതി കക്കാട് ജി.എം.യു.പി. സ്‌കൂൾ അധ്യാപികയാണ്. രണ്ടുവയസ്സു മുതൽ മകൻ കാറുകളുടെ പേരറിയാൻ താത്പര്യം പ്രകടിപ്പിച്ചതായി മാതാപിതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. യാത്രകളിൽ കാണുന്ന കാറുകൾ ഒരുതവണ മാത്രമേ പറഞ്ഞുകൊടുക്കേണ്ടതുള്ളൂ. പിന്നീട് എന്നുകണ്ടാലും അവനത് പറയും -ശ്രീജിത്ത് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എം. നാരായണൻ, ചാൾസ് പി. ചാണ്ടി, ബി. പ്രേംജി എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3jjS0Y2
via IFTTT