ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിലെ വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്ന് സി.ബി.ഐ. സുപ്രീം കോടതിയെ അറിയിക്കും. ലാവലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീലുകൾ ഉടൻ തീർപ്പാക്കി വിചാരണയ്ക്ക് വഴി ഒരുക്കണമെന്നും സി.ബി.ഐ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. അടുത്ത വ്യാഴാഴ്ച ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മുൻപ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് എന്നിവരുമായി സി.ബി.ഐ ഉദ്യോഗസ്ഥർ ചർച്ച നടത്തും. എസ്.എൻ.സി.ലാവലിൻ കേസ് അടിയന്തിര സ്വഭാവമുളള കേസാണെന്നാണ് കഴിഞ്ഞ ദിവസം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചത്. എന്നാൽ എന്ത് കാരണത്താലാണ് അടിയന്തര സ്വഭാവമുളള കേസാകുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. 2017 ഒക്ടോബറിൽ ലാവലിൻ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കേസ് അടിയന്തര സ്വഭാവമുളളതാണെന്ന് സി.ബി.ഐ. സുപ്രീം കോടതിയിൽ വ്യക്തമാക്കുന്നത്. സി.ബി.ഐയുടെ ലീഗൽ ഡിവിഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് അടിയന്തര സ്വഭാവം ഉള്ളതാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അടിയന്തര സ്വഭാവം ഉള്ളത് എന്ന നിലപാട് സ്വീകരിച്ചത് ചില പ്രത്യേകകാരണങ്ങൾ മൂലമാണെന്ന് കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കൺസൾട്ടന്റായി സംസ്ഥാന വൈദ്യുതി ബോർഡ് കാനഡയിലെ എസ്.എൻ.സി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത് 1995 ഓഗസ്റ്റിലാണ്. ലാവലിനുമായി അന്തിമ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കാനഡ സന്ദർശിക്കുന്നത് 1996 ഒക്ടോബറിലാണ്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷന്റെ കേസ്. 1995-96 കാലഘട്ടത്തിൽ നടന്ന സംഭവത്തിൽ ഇനിയും വിചാരണ നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. പിണാറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയിൽ 2018 ജനുവരി 11 നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കെ.എസ് .ഇ.ബി മുൻ അക്കൗണ്ട്സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എം. കസ്തൂരിരംഗ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. ഇതിന് പുറമെ കേസിലെ വിചാരണ നടപടികൾ ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് അന്ന് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട് ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കും. ലാവലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. കുറ്റപത്രം നൽകുന്ന വേളയിൽ, മുന്നോട്ടുള്ള നടപടിക്കു വേണ്ട തെളിവുണ്ടോ എന്നു മാത്രമേ വിചാരണ കോടതിയും ഹൈക്കോടതിയും പരിശോധിക്കേണ്ടിയിരുന്നുള്ളു. എന്നാൽ വിചാരണ പോലും നടത്താതെയാണ് ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കെ.എസ്.ഇ.ബിയിലെ മൂന്ന് ജീവനക്കാർ മാത്രം വിചാരിച്ചാൽ ലാവലിൻ കരാർ യാഥാർഥ്യമാകില്ലെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കും. അതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ കൂടി ഉൾപ്പെടുത്തി വിചാരണ വേഗത്തിൽ പൂർത്തികരിക്കാൻ ഉത്തരവിടണം എന്നും സി.ബി.ഐ. കോടതിയിൽ ആവശ്യപ്പെടും. ലാവലിൻ കേസിലെ നടപടികൾ സുപ്രീം കോടതിയിൽ സി.ബി.ഐ. വൈകിപ്പിച്ചു എന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുതിർന്ന സർക്കാർ അഭിഭാഷകർ വ്യക്തമാക്കി. 2018 ജനുവരിയിലാണ് കേസിൽ സി.ബി.ഐക്ക് നോട്ടീസ് ലഭിക്കുന്നത്. നോട്ടീസിന് ഓഗസ്റ്റിൽ വിശദമായ മറുപടി സത്യവാങ്മൂലം നൽകുകയും ചെയ്തതാണ്. വിശദമായി കേൾക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനാലാണ് തിങ്കൾ, വെള്ളി ദിവസങ്ങളിൽ കേസ് ലിസ്റ്റ് ചെയ്തപ്പോൾ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്. കേസ് എപ്പോൾ പരിഗണനയ്ക്ക് എടുത്താലും വാദിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന സർക്കാർ അഭിഭാഷകർ വ്യക്തമാക്കി. സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് എന്നിവർ ആകും സുപ്രീം കോടതിയിൽ ഹാജരാകുക. സുധീരന് വേണ്ടി ദേവദത്ത് കാമത്ത് ലാവലിൻ കേസിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച വി.എം.സുധീരന് വേണ്ടി കർണാടക സർക്കാരിന്റെ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ദേവദത്ത് കാമത്ത് ഹാജർ ആകും. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ സർക്കാർ രൂപീകരണ കേസുകളിൽ കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിലെ അംഗമാണ് കാമത്ത്. ദേവത്ത് കാമത്തിനൊപ്പം മുൻ സ്റ്റാന്റിംഗ് കോൺസൽ രമേശ് ബാബുവും സുധീരന് വേണ്ടി ഹാജരാകും. Content Highlights:SNC Lavalin case: the trial cannot be delayed CBI
 
from mathrubhumi.latestnews.rssfeed https://ift.tt/3cKSELO
via 
IFTTT