തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കിൽ അക്കൗണ്ടുണ്ട്. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടിൽനിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ, ലോക്കർ തുറന്ന് പരിശോധിച്ചിട്ടില്ല. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാൾക്ക് പണമായി പിൻവലിക്കാവുന്ന പരിധിയിൽക്കവിഞ്ഞ തുക സ്വപ്ന ബാങ്കിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജർ എതിർപ്പറിയിച്ചപ്പോൾ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജർ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്. കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോൺസുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജർ വഴങ്ങിയതെന്നാണു വിവരം. േകാൺസുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നിൽനിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്. കോൺസുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോൺസുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്. സ്വപ്നയ്ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതു നൽകാൻ മാനേജർക്കു കഴിഞ്ഞിട്ടില്ല. ബാങ്കിലെ പഴയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചേക്കും. കോൺസുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവർ ഇ.ഡി.യെ അറിയിച്ചത്. തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഈ ബാങ്കിലെ മാനേജരെയും ഉടൻ ചോദ്യംചെയ്തേക്കും. content highlights:swapna suresh have 38 crore rupee saving in private bank
from mathrubhumi.latestnews.rssfeed https://ift.tt/2ENM8Yd
via
IFTTT