Breaking

Wednesday, April 10, 2019

വിഷു - മേടമാസം പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. 

നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും തുടര്‍ന്ന് പതിവ് പൂജകളും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തയാണ് നട തുറക്കുന്നത്.

വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. വിഷുക്കണി ദര്‍ശിക്കുന്ന ഭക്തര്‍ക്ക് തന്ത്രി, മേല്‍ശാന്തി എന്നിവര്‍ കൈനീട്ടം നല്‍കും. നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും സന്നിധാനത്ത് ഉണ്ടാകും. 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം, ശബരിമലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിനെ തുടർന്ന് കല്ലാർ - കക്കി ഡാമുകൾ തുറക്കാൻ ഇന്നലെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. മകര വിലക്ക് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് വിഷുവിനാണ്. അത്‌കൊണ്ട് ഏറെ ജലം ആവശ്യമുള്ള സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2U3HKG4
via IFTTT