Breaking

Wednesday, April 3, 2019

ആലുവയില്‍ വന്‍ വ്യാജമദ്യ വേട്ട; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ വന്‍തോതില്‍ വ്യാജമദ്യം പിടിച്ചു. ആലുവ പുതിയിടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 100 ലിറ്റര്‍ നിറം ചേര്‍ത്ത ചാരായവും 100 ലിറ്റര്‍ വാഷും എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. വ്യാജമദ്യ നിര്‍മാണം നടത്തിയ ആലുവ പുതിയിടം സ്വദേശി ഷാജനെ(40) അറസ്റ്റ് ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍ തോതില്‍ വ്യാജമദ്യം ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടികൂടിയത്.

ഡ്രൈഡേ ആയതിനാല്‍ തിങ്കളാഴ്ച മദ്യവില്‍പ്പന ശാലകളൊന്നും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ച് കൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയിടം കാഞ്ഞൂരില്‍ ഷാജന്‍ നടത്തിയിരുന്ന സ്റ്റേഷനറി കടയുടെ മറവില്‍ വന്‍ തോതില്‍ ചാരായം സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയില്‍ കൂടുതല്‍ ചാരായം നിര്‍മിക്കാനായി സൂക്ഷിച്ചുവച്ചിരുന്ന 100 ലിറ്റര്‍ വാഷും ഇവിടെ നിന്ന് പിടിച്ചെടുത്തു. 10 ലിറ്ററിന്റെ 10 കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇത് കണ്ടെത്തി പിടികൂടാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വന്‍ വ്യാജ മദ്യ ദുരന്തത്തിന് വഴിയൊരുങ്ങിയേനെയെന്നും പിടിച്ചെടുത്ത മദ്യ സാമ്പിളുകള്‍ ലാബില്‍ എത്തിച്ച് പരിശോധനഫലം ലഭിച്ചാല്‍ മാത്രമേ ഇതിന്റെ ഗുണനിലവാരത്തെക്കറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂയെന്നും അധികൃതര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ചാരായ വില്‍പ്പന നടത്തിയിരുന്ന ആളാണ് പ്രതി. ഇയാള്‍ വിശ്വസ്തരായ ആളുകള്‍ക്ക് മാത്രമായിരുന്നു ചാരായം നല്‍കിയിരുന്നത്. ആലുവ പരിസരങ്ങളിലെ നിരവധി ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇയാള്‍ ചാരായം എത്തിച്ചുകൊടുത്തിരുന്നു. ഇയാളെ കൂടുതല്‍പേര്‍ സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണം ഉണ്ടാവുമെന്ന്് അധികൃതര്‍ അറിയിച്ചു.

ഷാഡോ എക്‌സൈസ് സംഘം വേഷം മാറി തൊഴിലാളികള്‍ എന്ന ഭാവേന മദ്യം ആവശ്യപ്പെട്ട് ഇവരില്‍ നിന്ന് പണം വാങ്ങി ചാരായവിതരണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ എക്‌സൈസ് സംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥാപനത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് വന്‍ തോതില്‍ ചാരായവും വാഷും കണ്ടെത്തി പിടികൂടിയത്. 

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.എം. അരുണ്‍ കുമാര്‍, ബിജു, റൂബന്‍, വിപിന്‍ദാസ്, ഹരിദാസ് എന്നിവരും പങ്കെടുത്തു.



from Anweshanam | The Latest News From India https://ift.tt/2UpDTHt
via IFTTT