തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയില്‍ നിരോധനം ലംഘിച്ച് ഡ്രോണ്‍ പറത്തിയതിനിടയില്‍ വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനും എതിരെ പൊലീസ് കേസ് എടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശംഖുംമുഖം ബീച്ചില്‍ എത്തിയ നൗഷാദും കുടംബവും ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ മക്കള്‍ ചൈനീസ് നിര്‍മ്മിതമായ നാനോ ഡ്രോണ്‍ ബീച്ചില്‍ പറത്തി കളിച്ചിരുന്നു. ഇതിനിടെ റിമോട്ട് കണ്‍ട്രോളില്‍ നിന്നും നിയന്ത്രണം വിട്ട ഡ്രോണ്‍ പറന്ന് ആഭ്യന്തര വിമാനത്താവളത്തിനുള്ളില്‍ അതീവ സുരക്ഷാ പരിശോധനയുള്ള സി.ഐ.എസ്.എഫിന്റെ സെക്യൂരിറ്റി ഏരിയയില്‍ പതിക്കുകയായിരുന്നു.
വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ വീണത് കണ്ട് സി.ഐ.എസ്.എഫ് അധികൃതര്‍ ഉന്നതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സുരക്ഷാ സംഘം സ്ഥലത്തെത്തി ഡ്രോണ്‍ പരിശോധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബീച്ചില്‍ ഉണ്ടായിരുന്ന നൗഷാദിനെയും കുടംബത്തെയും കണ്ടത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ഐ.ബി.ഉള്‍പ്പെടയുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു. വിദേശത്ത് ഉള്ള ബന്ധു നാട്ടില്‍ എത്തിയപ്പോള്‍ മക്കള്‍ക്ക് കളിക്കാന്‍ കൊടുത്ത ചൈനീസ് നിര്‍മ്മിതമായ ഡ്രോണ്‍ ആണെന്നും ഇടയ്ക്ക് ബീച്ചില്‍ എത്തുമ്പോള്‍ മക്കള്‍ ഇത് പറത്താറുണ്ടെന്നും, ഇതിന് ഇത്രയേറെ പ്രത്യാഘാതം ഉണ്ടാകുമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും നൗഷാദ് മൊഴി നല്‍കി. പിന്നീട് കേസ് എടുത്ത ശേഷം ഇവരെ ഇന്നലെ വൈകിട്ട് വിട്ടയച്ചു.
from Anweshanam | The Latest News From India https://ift.tt/2uDdqrm
via IFTTT