Breaking

Sunday, April 21, 2019

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്‍റെ ഓര്‍മ്മയില്‍ വിശ്വാസികള്‍ പ്രതീക്ഷാഭരിതമായ ഈസ്റ്ററിലേക്ക്

ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്‍റെ അനുസ്മരണമാണ് ഈസ്റ്റര്‍ ‍. സ്‌നേഹത്തിന്‍റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.ഓശാന ഞായര്‍ ആരംഭിച്ച വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. ദുഃഖ ശനിയാഴ്ചയിലെ അഗ്‌നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ നടന്നു.  

കല്ലറയില്‍ നിന്ന് ഉയിര്‍ത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്‌കാരം ഉയിര്‍പ്പ് തിരുക്കര്‍മങ്ങളുടെ മുഖ്യ ആകര്‍ഷ്ണമായി. ഇതിനുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനയും പട്ടണപ്രദക്ഷിണവും നടന്നു. ബൈബിള്‍ വചനങ്ങളെഴുതിയ ഈസ്റ്റര്‍ മുട്ടകളുടെ വിതരണവും വിവിധയിടങ്ങളില്‍ നടന്നു. അമ്പതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്ബിനും ഇതോടെ സമാപനമാകുകയുമാണ്. ജീവിതത്തില്‍ നിരവധിപ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്‍റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ആഹ്ലാദവുമായി ഈ ദിനം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ , ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. 


ഈസ്റ്റര്‍ ; ആനന്ദത്തിന്‍റെ ഞായര്‍ , ചരിത്രത്തിലൂടെ...

ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്‍റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. 

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാല്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്‍റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു. 



from Anweshanam | The Latest News From India http://bit.ly/2vf2FMh
via IFTTT