Breaking

Friday, April 19, 2019

രാജ്യത്ത് ബാലികാവിവാഹം നടക്കാത്ത ഏകമണ്ഡലം എറണാകുളം

കൊച്ചി: പതിനെട്ട് വയസ്സ്‌ പൂർത്തിയാകുന്നതിനു മുമ്പ് പെൺകുട്ടികളുടെ വിവാഹം നടക്കാത്ത രാജ്യത്തെ ഏക പാർലമെന്റ് മണ്ഡലം എറണാകുളമാണെന്ന് സർവേ റിപ്പോർട്ട്. അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിലെയും ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്‌റ്റ് എന്നിവിടങ്ങളിലെ ഗവേഷകർ രാജ്യത്തെ 543 പാർലമെന്റ് മണ്ഡലങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ ആരോഗ്യ, പോഷകാഹാരവ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. രാജ്യത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും 18 വയസ്സ് ആകുന്നതിനു മുമ്പ്‌ വിവാഹിതരായ യുവതികളുണ്ടായിരുന്നു.ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിൽ ബാലികാവിവാഹത്തിന്റെ അനുപാതം 50 ശതമാനത്തിലേറെയായിരുന്നു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയിലും കേരളത്തിലെ രണ്ടുമണ്ഡലങ്ങൾ ഉൾപ്പെട്ടു. ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവയാണ് മുന്നിൽ. ഇവിടെ 3.9 ശതമാനം ജനങ്ങളെ ദാരിദ്ര്യം അനുഭവിക്കുന്നുള്ളൂ. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലം പോണ്ടിച്ചേരിയാണ്. 3.4 ശതമാനംമാത്രമാണ് ഇവിടെ ദരിദ്രർ. മധ്യപ്രദേശിലെ സത്ന മണ്ഡലത്തിലാണ് കൂടുതൽ ദരിദ്രരുള്ളത്. ബിഹാറിലെ പാട്‌ലിപുത്ര, ബംഗാളിലെ ഹുഗ്ലി മണ്ഡലങ്ങളിലെ അമ്മമാർക്ക് ഗർഭകാലത്ത് പരിചരണമേ ലഭിച്ചിട്ടില്ലെന്നും സർവേ പറയുന്നു. രാജ്യത്തെ നയരൂപവത്കരണത്തിന് സർവേ വിവരങ്ങൾ പാർലമെന്റ് അംഗങ്ങൾക്ക് സഹായകരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വംനൽകിയ ഹാർവാർഡ് സർവകലാശാല പ്രൊഫ. എസ്.വി. സുബ്രഹ്മണ്യൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2IvlaVj
via IFTTT