Breaking

Monday, October 11, 2021

കളഞ്ഞുകിട്ടിയ സ്വര്‍ണം സൂക്ഷിച്ചത് നാലുവര്‍ഷം, മറ്റൊരു യാത്രയില്‍ ഉടമയ്ക്ക് മടക്കി നല്‍കി

നിലമ്പൂർ : കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകാനായി യുവാവ് സൂക്ഷിച്ചുവെച്ചത് നാലു വർഷം. ഓട്ടോ ഡ്രൈവറായ നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ ഹനീഫക്കാണ് നാലു വർഷം മുമ്പ് തന്റെ ഓട്ടോറിക്ഷയിൽനിന്ന് രണ്ട് സ്വർണപാദസരങ്ങൾ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ പിറകിലെ സീറ്റിനടിയിൽ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങൾ. ഒന്നരപവൻ തൂക്കംവരുന്നതാണിത്. അന്ന് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം തന്റെ ഓട്ടോയിൽ കയറിയ നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം വീട്ടിച്ചാലിൽ താമസിക്കുന്നഅൻസ എന്ന യുവതി യാത്രക്കിടെ നാലു വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണത്തെക്കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ് കളഞ്ഞുപോയത് ഇവരുടെ ആഭരണംതന്നെയാകുമെന്ന സംശയം ഉദിച്ചത്. കാര്യങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞ ഹനീഫ തെളിവുകൾ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവർക്ക് തിരിച്ചുനൽകുകയായിരുന്നു. സത്യസന്ധത തെളിയിച്ച ഓട്ടോറിക്ഷാ ഡ്രൈവർ പാറേങ്ങൽ ഹനീഫയെ ഓട്ടോ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി സുനിൽകുമാർ രാമംകുത്തുള്ള വീട്ടിലെത്തി ആദരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3aqjqJ5
via IFTTT