Breaking

Tuesday, October 12, 2021

മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തേക്ക്; ശാസ്ത്രീയ, സാഹചര്യ തെളിവുകളില്‍ കുടുങ്ങി

കൊല്ലം: സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന ഇരുപതിൽപരം സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തിയത്. ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ പ്രതി തയ്യാറായില്ല. ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങളാണ് ഭർതൃഗൃഹത്തിലെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടിരുന്നു. 2020 ജനുവരിയിൽ തിരികെവിളിച്ചുകൊണ്ടുവരാനിരുന്ന ബന്ധുക്കളോട് ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയത്. ഇന്റർനെറ്റിലെ പാമ്പുപിടിത്തം അണലിയെപ്പറ്റിയും പാമ്പുപിടിത്തക്കാരൻ ചാവർകാവ് സുരേഷിനെപ്പറ്റിയും ഇന്റർനെറ്റിൽ തിരഞ്ഞു. 2020 ഫെബ്രുവരി 12 മുതൽ സുരേഷുമായി ബന്ധംസ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂർവെച്ച് നേരിൽക്കണ്ടു. ഫെബ്രുവരി 24-ന് കല്ലുവാതുക്കൽ ഊഴായിക്കോടുനിന്ന് സുരേഷ് അണലിയെ സൂരജിനു കൈമാറി. തൊട്ടടുത്ത ദിവസം മുകളിലെ കിടപ്പുമുറിയിൽനിന്ന് മൊബൈൽ ഫോൺ എടുക്കാൻപോയ ഉത്ര കോണിപ്പടിയിൽ പാമ്പിനെ കണ്ടു. ഈ വിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴി എന്ന തെളിവുനിയമത്തിലെ 32-ാം വകുപ്പ് പ്രകാരം പ്രസക്തമാണ് എന്നു വാദിച്ചു. എങ്ങനെ പാമ്പുകടിയേറ്റു, ഉത്തരമില്ല ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാർച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയിൽ പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് സൂരജ് നൽകിയ പരാതിയിൽ 2020 മാർച്ച് മൂന്നിന് രാത്രി ഒന്നിന് ഭാര്യയ്ക്ക് കാലുവേദനയുണ്ടായെന്ന് പറയുന്നു. അന്നു പുലർച്ചെ 2.54-നു മാത്രമാണ് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്. വേദനകൊണ്ടുപുളയുന്ന ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. വീട്ടിൽ രണ്ടു വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. കോടതിയിൽ നൽകിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവൻ രക്ഷിക്കാൻപോലും വാഹനമോടിക്കില്ല എന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. ആശുപത്രിയിലിരുന്നും മൂർഖനെ തേടി അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോൾത്തന്നെ സൂരജ് മൂർഖൻപാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവർകാവ് സുരേഷിനെ വിളിച്ചതും മൂർഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയിൽ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോൺ ടവർ ലൊക്കേഷൻ ഇതിനു തെളിവാണ്. കറുത്ത തോൾസഞ്ചി പാമ്പിനെ കൊണ്ടുവന്ന കറുത്ത തോൾസഞ്ചി തന്റേതല്ലെന്ന് വിചാരണവേളയിൽ പ്രതി പറഞ്ഞിരുന്നു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. ഇതിനുള്ളിൽ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽനിന്ന് സൂരജ് പണം പിൻവലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു. 2020 ഏപ്രിൽ 24-ന് ചാവർകാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്. പുറത്തെറിഞ്ഞ കുപ്പി പിന്നീട് കണ്ടെടുത്തു. ഇതിൽ പാമ്പിന്റെ അടയാളങ്ങൾ കണ്ടുകിട്ടി. 2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണർന്ന്, മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയം ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉത്രയ്ക്ക് രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകൾ നൽകിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകൾകൊണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് സമർഥിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3DrAL0w
via IFTTT