Breaking

Tuesday, October 12, 2021

ഉത്ര കേസ് വഴിതുറന്നത് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിന്; കോടതിമുറിയിലും നിര്‍വികാരനായി പ്രതി

കൊല്ലം: ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് ആദ്യം ഒരു അണലിയെ വിലയ്ക്കുവാങ്ങി ആരും കാണാതെ അതിനെ പറക്കോട്ടെ വീടിന്റെ കോണിപ്പടിയിൽ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയിൽനിന്ന് തന്റെ ഫോൺ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫോണെടുക്കാൻ പോയ ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചു. പദ്ധതി പാളിയപ്പോൾ സൂരജ് പാമ്പിനെ ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി. ഉപേക്ഷിക്കാനെന്നുപറഞ്ഞ് കൊണ്ടുപോയ ഇതേ പാമ്പിനെക്കൊണ്ടാണ് സൂരജ് 2020 മാർച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് വീട്ടുകാർ ഓടിച്ചെന്നതിനാൽ പെട്ടെന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 55 ദിവസത്തോളം ഉത്ര ചികിത്സയിൽ കഴിഞ്ഞു. ആ സമയത്താണ് മൂർഖനെ ആയുധമാക്കാൻ സൂരജ് തീരുമാനിക്കുന്നത്. ഉത്രയെ അണലി കടിച്ചതിന് രണ്ടുമാസംമുൻപുമുതൽ സൂരജ് യൂട്യൂബിൽ അണലിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തിരഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് വഴിതുറന്നിരിക്കുകയാണ്. മൃഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതുസംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്കിറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ച് വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങിയിട്ടുണ്ട്. ഗാർഹിക പീഡനക്കേസിൽ വിചാരണ പിന്നീട് കൊല്ലം: സൂരജിനും കുടുംബാംഗങ്ങൾക്കും എതിരായ ഗാർഹിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂർ കോടതിയിലാണ് കേസ്. സൂരജ്, പിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാർഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. മൂന്നര ഏക്കർ വസ്തുവും നൂറുപവൻ സ്വർണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നൽകി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ 8000 രൂപവീതം മാസം ചെലവിന് നൽകി. സൂരജ് ഇടയ്ക്കിടെ ഉത്രയെ മർദിക്കുമായിരുന്നുവെന്നതും രണ്ടാം കുറ്റപത്രത്തിൽ പറയുന്നുണ്ട്. സുഹൃത്തുക്കളും കരുതിയില്ല; സൂരജിന്റെ മനസ്സ് ഇത്രയും വിഷം നിറഞ്ഞതെന്ന് അടൂർ: ഉത്രയുടെ കൊലപാതകത്തിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ പാമ്പിനേക്കാൾ വിഷമുള്ള സൂരജിന്റെ മുഖം ഓർക്കാൻപോലും ഇപ്പോൾ സൂരജിന്റെ പരിചയക്കാർക്കും നാട്ടുകാർക്കും താത്പര്യമില്ല. സൂരജിന്റെ വീട് സ്ഥിതിചെയ്യുന്ന പറക്കോട് പ്രദേശത്തെ മിക്കവരും തിങ്കളാഴ്ച ഉത്ര കേസിലെ വിധി വരുന്നതും കാത്ത് ടി.വി.ക്കുമുന്നിലായിരുന്നു. സൂരജിന് അർഹമായ ശിക്ഷ കിട്ടുമെന്നുതന്നെ ആയിരുന്നു നാട്ടുകാരുടെ ആദ്യപ്രതികരണം. സൂരജ് കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയ വാർത്ത പുറത്ത് വന്നശേഷം ആരുടെയും മുഖത്ത് വലിയ അദ്ഭുതമൊന്നും കാണാൻ സാധിച്ചില്ല. സംഭവം പുറത്തുവന്ന ആദ്യ നാളുകളിൽ കൊലപാതകത്തിന് പിന്നിൽ സൂരജാണെന്ന് സൂരജിന്റെ സുഹൃത്തുക്കളിലും നാട്ടുകാരിലും പലർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് അറസ്റ്റും തെളിവെടുപ്പുമൊക്കെ നടന്നപ്പോഴാണ് കാര്യങ്ങൾ ഇവർക്ക് ബോധ്യമായത്. സൗമ്യനായി കാണപ്പെട്ടിരുന്ന ആളായിരുന്നു സൂരജ്. അധികം സൗഹൃദങ്ങൾ ഉണ്ടായിരുന്നില്ല. എപ്പോഴും മൊബൈലിൽ യൂട്യൂബ് കാണുന്ന പ്രകൃതമായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. കോഴി, താറാവ് ഇവയെ വളത്തുന്നതിൽ ഏറെ താത്പര്യം കാട്ടിയിരുന്നു. 2018-ലാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. അടൂർ ഗവ.ജനറൽ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂരജിന്റെ അറസ്റ്റിനുശേഷം തെളിവുനശിപ്പിക്കാൻവേണ്ടി ഉത്രയുടെ സ്വർണം കുഴിച്ചിട്ട കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും ഗാർഹിക പീഡനക്കേസിൽ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം ഈ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലെന്നും സമീപവാസികൾ പറയുന്നു. വിധികേൾക്കാൻ ജനക്കൂട്ടം; നിർവികാരനായി പ്രതി കൊല്ലം : ഉറങ്ങിക്കിടക്കുന്ന ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുക-ഉത്ര വധക്കേസ്. കേരളം കേട്ടിട്ടില്ലാത്തൊരുകേസിന്റെ വിധി കേൾക്കാൻ പെരുമഴയത്തും ജനം കോടതിവരാന്തയിൽ തടിച്ചുകൂടി. ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷുവും അടുത്തബന്ധുക്കളും നേരത്തേതന്നെ എത്തിയിരുന്നു. റൂറൽ എസ്.പി. കെ.ബി.രവി, കേസന്വേഷിച്ച വിരമിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അശോകൻ തുടങ്ങി ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു. മാധ്യമപ്രവർത്തകരും അഭിഭാഷകരും കളക്ടറേറ്റിലെ ജീവനക്കാരും കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്ക് വന്നവരുമെല്ലാം ചേർന്നതോടെ കോടതിവരാന്ത നിറഞ്ഞു. എല്ലാവരും പ്രതിയെ കാണാനും വിധികേൾക്കാനും കാത്തിരുന്നു. 12 മണിയോടെ പ്രതിയെ ഹാജരാക്കുമെന്നായിരുന്നു ആദ്യംകേട്ടത്. 11 മണിയോടെതന്നെ മാധ്യമങ്ങൾ തയ്യാറായെത്തി. 12.10-ഓടെ പ്രതി സൂരജിനെ പോലീസ് കോടതിയിലെത്തിച്ചു. ദ്രുതകർമസേനയും പോലീസും വലയംതീർത്താണ് പ്രതിയെ കൊണ്ടുവന്നത്. 12.15-ഓടെ കോടതിമുറിയിലെത്തിയ പ്രതി വളരെ നിർവികാരനായി കാണപ്പെട്ടു. കോടതി നടപടികൾ നടക്കുമ്പോൾ പുറത്ത് കാറ്റും മഴയും കനത്തു. ഒരുമണിയോടെയാണ് വിധി പറഞ്ഞത്. സ്പെഷ്യൻ പബ്ളിക് പ്രോസിക്യൂട്ടർ ആദ്യം കോടതിമുറിയിൽനിന്നു പുറത്തിറങ്ങി. പിന്നാലെ ഉത്രയുടെ അച്ഛനും സഹോദരനും. സൂരജിനെ തിരികെ കൊണ്ടുപോകുമ്പോഴും ജനക്കൂട്ടം മൊബൈലിൽ ചിത്രം പകർത്താൻ തിരക്കുകൂട്ടുകയായിരുന്നു. കേസ് അന്വേഷിച്ച 11 പേർക്ക് ബാഡ്ജ് ഓഫ് ഓണർ കൊല്ലം : ഉത്രവധക്കേസ് അന്വേഷിച്ച സംഘത്തിലെ 11 പേർക്ക് സംസ്ഥാന പോലീസ് േമധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചിരുന്നു. മുൻ റൂറൽ എസ്.പി. ഹരിശങ്കർ അടക്കമുള്ള 11 പേർക്കാണ് ബഹുമതിലഭിച്ചത്. രാജ്യത്തുതന്നെ അപൂർവ സംഭവമാണെന്നും കേസ് അന്വേഷണത്തിൽ ഉയർന്ന നിലവാരമാണ് അന്വേഷണസംഘം പുലർത്തിയതെന്നും ബാഡ്ജ് ഓഫ് ഓണർ പ്രഖ്യാപിച്ചുകൊണ്ട് ഡി.ജി.പി. പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2YL3S0f
via IFTTT