Breaking

Sunday, October 10, 2021

തീവണ്ടിയിൽ കൂട്ടബലാത്സംഗവും കവർച്ചയും; നാലുപേർ അറസ്റ്റിൽ

മുംബൈ: ലഖ്‌നൗവിൽനിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന പുഷ്പക് എക്സ്‌പ്രസിൽ 20-കാരി കൂട്ടബലാത്സംഗത്തിനിരയായി. വണ്ടി ഇഗത്പുരി സ്റ്റേഷൻ വിട്ടശേഷമാണ് സംഭവം. യാത്രക്കാരെ കവർച്ചചെയ്യാൻ ഇഗത്പുരിയിൽനിന്ന്‌ കയറിയ എട്ടംഗസംഘമാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയത്. ഇതിൽ നാലുപേരാണ് പിന്നീട് അറസ്റ്റിലായത്. മറ്റുള്ളവരെ പോലീസ് തിരഞ്ഞുവരുകയാണ്. ഡി-2 സ്ലീപ്പർ ക്ലാസ് കമ്പാർട്ട്‌മെന്റിൽ കയറിയ കവർച്ചസംഘം പല യാത്രക്കാരിൽനിന്നായി മൊബൈൽ ഫോണുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവരുകയായിരുന്നു. ആയുധങ്ങളുമായാണ് സംഘം വണ്ടിയിൽ കയറിയത്. അതിനാൽ യാത്രക്കാർക്ക് എതിർക്കാൻ പറ്റിയില്ല. എതിർത്തവരിൽ ആറുപേർക്ക് പരിക്കേറ്റു. കവർച്ച ചെയ്തശേഷമാണ് പെൺകുട്ടിയെയും ബലാത്സംഗം ചെയ്തത്. മുംബൈയിൽനിന്ന് ഏകദേശം 150-ഓളം കിലോമീറ്റർ അകലെയായിരുന്നു സംഭവം. വണ്ടി രാത്രിയിൽ കസറ ഘട്ട് (മലമ്പ്രദേശം) മേഖലയിൽക്കൂടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഭയന്നുപോയ യാത്രക്കാർ ഉടനെ വിവരം മുംബൈ റെയിൽവേ പോലീസിനെ അറിയിച്ചു. വണ്ടി കസറ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് സംഘം നാലുപേരെ പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവരിൽനിന്ന് 34,200 രൂപ വിലവരുന്ന വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടി ഭർത്താവിനൊപ്പം ലഖ്‌നൗവിൽനിന്നാണ് വണ്ടിയിൽ കയറിയത്. ഇവരെ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3iNinHM
via IFTTT