Breaking

Sunday, October 17, 2021

ഗോളടിച്ച് സമദ്, നേപ്പാളിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

മാലി:സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. നായകൻ സുനിൽ ഛേത്രിയും മധ്യനിരതാരം സുരേഷ് സിങ്ങും മലയാളിതാരം സഹൽ അബ്ദുൾ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം ഇത്തവണ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ തിരിച്ചുപിടിച്ചു. 2019-ൽ പരിശീലകനായി സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്. നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തിൽ നിർണായക ഘടകമായത്. ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കുകയും മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു. ആദ്യപകുതിയിൽ നേപ്പാൾ പ്രതിരോധം ശക്തമായി നിലനിന്നതോടെ ഇന്ത്യയ്ക്ക് ഗോളടിക്കാനായില്ല. മൻവീറും ഛേത്രിയുമെല്ലാം ആക്രമിച്ച് കളിച്ചെങ്കിലും നേപ്പാൾ പ്രതിരോധം അതിനെയെല്ലാം നന്നായി തന്നെ നേരിട്ടു. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യ പുതിയ തന്ത്രമാണ് ഗ്രൗണ്ടിൽ പരീക്ഷിച്ചത്. ഇരുവശങ്ങളിലൂടെയും ആക്രമിച്ച് കളിച്ച് നേപ്പാൾ ബോക്സിലേക്ക് പരമാവധി പന്തെത്തിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി 49-ാം മിനിട്ടിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടി. ബോക്സിന്റെ വലതുവശത്തുനിന്ന് പ്രീതം കോട്ടാൽ നൽകിയ ക്രോസിൽ കൃത്യമായി തലവെച്ച് ഛേത്രി മനോഹരമായ ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. ഛേത്രിയുടെ ഹെഡ്ഡർ നോക്കി നിൽക്കാനേ നേപ്പാൾ ഗോൾകീപ്പർ ചെംസോങിന് സാധിച്ചുള്ളൂ. ഛേത്രി സാഫ് കപ്പിൽ നേടുന്ന അഞ്ചാം ഗോൾ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്ബോളിൽ താരത്തിന്റെ ഗോൾനേട്ടം 80 ആയി ഉയർന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി സാക്ഷാൽ ലയണൽ മെസ്സിയ്ക്ക് ഒപ്പമെത്തി. 125 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയത്. മെസ്സി 156 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഛേത്രിയുടെ ഗോളിന് പിന്നാലെ ഇന്ത്യ വീണ്ടും ലീഡുയർത്തി. ഇത്തവണ സുരേഷ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. യാസിറിന്റെ ക്രോസ് സ്വീകരിച്ച സുരേഷ് പന്ത് അനായാസം നേപ്പാൾ വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. രണ്ട് ഗോൾ നേടിയിട്ടും ഇന്ത്യ ആക്രമിച്ച് തന്നെയാണ് കളിച്ചത്. പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുൾ സഹൽ സമദ് ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോൾ നേടി. 90-ാം മിനിട്ടിൽ ബോക്സിനകത്തേക്ക് കുതിച്ചെത്തിയ സഹൽ നേപ്പാൾ പ്രതിരോധതാരങ്ങളെ അതിമനോഹരമായി കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. Content Highlights: India beat Nepal and win SAFF Cup Football Title


from mathrubhumi.latestnews.rssfeed https://ift.tt/3AIR0od
via IFTTT