Breaking

Saturday, October 9, 2021

എയർ ഇന്ത്യ: ആദ്യവർഷം പിരിച്ചുവിടലില്ല; രണ്ടാംവർഷം മുതല്‍ വി.ആർ.എസ്.

ന്യൂഡൽഹി: എയർഇന്ത്യ സ്വകാര്യവത്കരിക്കുമ്പോൾ ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബൻസൽ പറഞ്ഞു. ആദ്യത്തെ ഒരു വർഷം പുതിയ ഉടമയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. രണ്ടാംവർഷംമുതൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ സ്വയം വിരമിക്കൽ പദ്ധതി(വി.ആർ.എസ്.) ആനുകൂല്യങ്ങൾ നൽകണം. വിരമിച്ച ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ തുടരുമെന്നും ബൻസൽ അറിയിച്ചു. നിലവിൽ 12,085 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. ഇതിൽ 8084 പേർ സ്ഥിരംജീവനക്കാരും 4001 പേർ കരാർ ജീവനക്കാരുമാണ്. ഇതിനുപുറമേ ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുണ്ട്. പ്രതിവർഷം 1000 പേരെന്നനിലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 5000 സ്ഥിരംജീവനക്കാർ വിരമിക്കും. സുരക്ഷാ ഉറപ്പുകൾ *ആദ്യത്തെ ഒരു വർഷത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാൻ പുതിയ ഉടമയ്ക്കാകില്ല. ആദ്യത്തെ ഒരു വർഷം ജീവനക്കാരെ നിലനിർത്തണം. ഒരു വർഷത്തിനുശേഷം പിരിച്ചുവിടുകയാണെങ്കിൽ അവർക്ക് സ്വയംവിരമിക്കൽ പദ്ധതി (വി.ആർ.എസ്.) ആനുകൂല്യങ്ങൾ നൽകണം. *ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ നൽകണം. വിരമിച്ച ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ തുടരും. നിലവിൽ 55,000 പേർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. *പിരിച്ചുവിടുന്നതിനും നിലനിർത്തുന്നതിനും ജീവനക്കാരുടെ പ്രകടനനിലവാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ മാനദണ്ഡമായിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3AnTqZd
via IFTTT