ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേൾക്കാതെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത് എന്നാവശ്യപെട്ട് രമേശ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ച ഹൈകോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതിനിടെയാണ് തടസ്സ ഹർജി ഫയൽ ചെയ്തത്. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാരിന് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ അപ്പീൽ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിക്കു മുതിർന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞമ്മദ് എന്നിവർക്കെതിരെ ആണ് കേസ്. കേസ് പിൻവലിക്കാനുഉള്ള സർക്കാരിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും സംസ്ഥാന സർക്കാർ ആവശ്യം തള്ളിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QLYea3
via
IFTTT